പാലക്കാട്: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പാലക്കാട് നിന്നും കണ്ടെത്തി.
രണ്ടുസ്ത്രീകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ നാലുദിവസം പ്രായമായ കുഞ്ഞിനെ പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.
കുഞ്ഞിനെ കണ്ടെത്തിയ കൊടുവായൂരിലെ വീട്ടുകാരിൽ നിന്നും പോലീസ് വിശദമായ മൊഴി ശേഖരിച്ചുവരികയാണ്.
കുഞ്ഞ് എങ്ങനെ ഇവിടെ എത്തി എന്നതും ആരാണ് കൊണ്ടുവന്നത് എന്നതും എന്തിനാണ് ഇവിടേക്ക് കുഞ്ഞിനെ എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
പൊള്ളാച്ചി ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളുടെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് രണ്ടു സ്ത്രീകൾ തട്ടിക്കൊണ്ടു പോയത്.
പൊള്ളാച്ചിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിയത് രണ്ടു സ്ത്രീകള്‍ ചേർന്നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു.
പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതും പിന്നീട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.