പുതുപ്പള്ളി: തൊട്ടിലില്‍നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത പിഞ്ചുകുഞ്ഞിനെ പിന്നാലെ ഓടിയെത്തി അമ്മ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.45നു പുതുപ്പള്ളി അങ്ങാടി പട്ടമഠത്തില്കുന്നേല് പി.ബി. സുധീഷ്-ഗീതു ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ആണ് കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോയത്.
സംഭവത്തെപ്പറ്റി സുധീഷ് പറയുന്നതിങ്ങനെ: വാതില്‍ ചാരിയശേഷം അമ്മ ഗീതു ശുചിമുറിയില്‍ പോയപ്പോള്‍ പിന്നിലെ വാതിലിലൂടെ അകത്തുകയറിയ നാടോടി സ്ത്രീ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഗീതു കുഞ്ഞിനെ തെരഞ്ഞെങ്കിലും തൊട്ടിലില്‍ കണ്ടില്ല.
പുതുപ്പള്ളി പള്ളി-പാലൂര്‍പടി റോഡില്‍ ചപ്പാത്ത് ഭാഗത്തേക്ക് ഓടിയ ഗീതു കുഞ്ഞിനെ നാടോടി സ്ത്രീയുടെ കൈയില്‍നിന്നു പിടിച്ചുവാങ്ങി. ഗീതുവിന്റെ ബഹളം കേട്ടു സമീപവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ചു ഗീതുവിനെ ആക്രമിച്ച നാടോടി സ്ത്രീ രക്ഷപ്പെട്ടു.
തടിക്കല്‍ ആയൂര്‍വേദ ആശുപത്രിയിലെ ജീവനക്കാരനായ ഭര്‍ത്താവ് സുധീഷിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. കോട്ടയം ഈസ്റ്റ് പോലീസിന്റെ അന്വേഷണത്തിലും നാടോടികളെ കണ്ടെത്താനായില്ല.മൂന്നു പേര് അടങ്ങുന്ന സംഘമാണു പിന്നിലെന്നു സംശയിക്കുന്നതായി സുധീഷ് പറഞ്ഞു. കഴിഞ്ഞദിവസം രണ്ടു നാടോടി സ്ത്രീകള്‍ വീട്ടിലെത്തിയിരുന്നു.
ആക്രിസാധനങ്ങള്‍ വില്‍ക്കാനുണ്ടോയെന്ന് അന്വേഷിച്ചാണ് ഇവര്‍ എത്തിയത്. ഇല്ലെന്ന് പറഞ്ഞെങ്കിലും ആദ്യം പോകാന്‍ തയാറായില്ലെന്നും പിന്നീട് പറഞ്ഞു വിടുകയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.ഈ സ്ത്രീകളെ ഇന്നലെയും വീടിനുസമീപം കണ്ടതായി സുധീഷ് പറഞ്ഞു.
സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പീന്നിട് വിട്ടയച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള സുധീഷിന്റെ മാതാവും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. നെല്ലിക്കല്‍ ആത്മ ആയൂര്‍വേദ നഴ്സിംഗ് സെന്റെറിലെ ജീവനക്കാരിയായിരുന്ന ഗീതു ഇപ്പോള്‍ അവധിയിലാണ്.