തൃപ്പൂണിത്തുറ: ആറുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പൊള്ളലേല്പിച്ചതായി പരാതി. എറണാകുളം തിരുവാങ്കുളത്താണ് സംഭവം. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചു എന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അച്ഛനെ കസ്റ്റഡിയിലെടുത്തു.
ഇയാള്‍ മദ്യപിച്ചു കഴിഞ്ഞാല്‍ മര്‍ദിക്കാറുണ്ടെന്നു കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. വീട്ടിൽ പലപ്പോഴും ബഹളം നടക്കാറുണ്ടെന്ന് അയൽക്കാർ പറയുന്നു. ഇന്ന് രാവിലെയും ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
കുട്ടിയെ മർദിക്കാറുണ്ടെന്ന നാട്ടുകാരിൽ ചിലരുടെ പരാതിയും കുഞ്ഞിന്റെ ചെവിയുടെ ഭാഗത്തുള്ള മുറിവുണങ്ങിയ പാടും കണ്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നാലുമാസം മുന്‍പുണ്ടായ പരിക്കാണെന്ന് കുട്ടിയുടെ അമ്മ മൊഴി കൊടുത്തിട്ടുണ്ട്. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുത്താലേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു.