ന്യൂഡൽഹി: കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്പോൾ മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാതൃകാ ചട്ടങ്ങളിലാണ് അച്ഛന്റെയും അമ്മയുടെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനനം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളം അച്ഛന്റെ മതം, അമ്മയുടെ മതം എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ രീതിയിൽ വിപുലീകരിക്കും. ദത്തെടുക്കുന്ന കുട്ടിയുടെ സർട്ടിഫിക്കറ്റിലും ഇതേ മാറ്റങ്ങൾ വരുത്തും.
2023 ഓഗസ്റ്റ് 11ന് ഭേദഗതി ചെയ്ത ജനന- മരണ രജിസ്ട്രേഷൻ നിയമപ്രകാരം ജനന- മരണ കണക്കുകൾ ദേശീയതലത്തിലായിരിക്കും കണക്കാക്കുക. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ഇലക്ടറൽ റോൾസ്, ആധാർ നന്പർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സ്വത്ത് രജിസ്ട്രേഷൻ തുടങ്ങിയ രേഖകൾ അപ്ഡേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കും.
ജനനം, മരണം, ദത്തെടുക്കൽ, ഗർഭാവസ്ഥയിലോ പ്രസവത്തിന്റെ സമയത്തോ ഉള്ള കുട്ടിയുടെ മരണം, മരണകാരണത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള ഫോമുകൾക്കു പകരം കരട് നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നിർദേശിച്ചു. മരണകാരണത്തിനുള്ള സർട്ടിഫിക്കറ്റിൽ ഇനിമുതൽ മരണകാരണം കൂടാതെ രോഗം വന്നാണു മരിച്ചതെങ്കിൽ രോഗത്തിന്റെ ചരിത്രവും ഉൾപ്പെടുത്തണം.