തിരുവനന്തപുരം: നവജാതശിശുവിനെ വിൽപ്പന നടത്തിയ കേസിൽ പ്രതിയായ കുഞ്ഞിന്റെ അമ്മയെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. മാരായമുട്ടം സ്വദേശി അഞ്ജുവിനെയാണ് വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തന്പാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
പ്രതിയെ തൈക്കാട് ആശുപത്രിയിലും കുഞ്ഞിനെ കൈമാറിയ സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തും. ജുഡീഷൽ കസ്റ്റഡിയിലുള്ള പ്രതിയെ രണ്ട് ദിവസത്തെ തെളിവെടുപ്പിന് വിട്ട് തരണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഈ അപേക്ഷ പരിഗണിച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ കോടതി വിട്ടത്.കരമന സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് അഞ്ജു നാല് ദിവസം പ്രായമുള്ള തന്റെ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയത്.
പ്രതിയുടെ സുഹൃത്തിനെയും കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ സ്ത്രീയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.തന്പാനൂർ എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നൽകുന്നത്.