കൊച്ചി: നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ബഹുനില ഫ്ലാറ്റില്‍നിന്നു പുറത്തേക്കെറിഞ്ഞ കേസില്‍ പ്രതിയായ യുവതിയെ ‘അതിജീവിത’ എന്നു പരാമര്‍ശിച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്.
കമ്മീഷണര്‍ എസ്. ശ്യാംസുന്ദറിന്റെ ഈ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പരാതിയിലാണു നടപടി.
കഴിഞ്ഞ മൂന്നിനു രാവിലെയാണ് വീട്ടില്‍ വച്ച് രഹസ്യമായി യുവതി പ്രസവിച്ചത്. പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഫ്ലാറ്റില്‍നിന്നു താഴേക്ക് വലിച്ചെറിയുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ യുവതി റിമാന്‍ഡിലാണ്. നിലവില്‍ ആശുപത്രി ചികിത്സയിലാണിവര്‍. സംഭവം നടന്നതിനു പിന്നാലെ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുന്നതിനിടെയായിരുന്നു കമ്മീഷണര്‍ യുവതിയെ അതിജീവിത എന്നു വിശേഷിപ്പിച്ചത്.