കൊച്ചി: പിറന്നുവീണ് ആദ്യകരച്ചിൽ മായുംമുന്പേ ജീവൻ നിലച്ചുപോയൊരു ചോരക്കുഞ്ഞ്… നടുറോഡിൽ ചോരയിൽ കുളിച്ച്, ചേതനയറ്റ് കിടക്കുന്നു. അമ്മയെയല്ലാതെ മറ്റാരെയും കാണാതെയാകും ഈ ഭൂമിയിലേക്കു വന്നയുടൻ അവന്റെ മടക്കം.ജനിച്ചു നിമിഷങ്ങൾക്കപ്പുറം ജീവിതം നിഷേധിക്കപ്പെട്ട അവൻ, കൊച്ചിയുടെയും കേരളത്തിന്റെയാകെയും തീരാസങ്കടമാകുന്നു.
നൊന്തു പ്രസവിച്ച അമ്മതന്നെ പൊക്കിൾക്കൊടി മുറിച്ച് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽനിന്നു വലിച്ചെറിഞ്ഞ ആ പിഞ്ചുശരീരം ചെന്നുപതിച്ചത് മലയാളി മനഃസാക്ഷിയുടെ മടിയിലേക്കുകൂടിയാണ്.പനന്പിള്ളി നഗറിലെ വിദ്യാനഗർ ലിങ്ക് റോഡിലൂടെ എല്ലാ ദിവസവും കാറുമായി പോകുന്ന ടാക്സി ഡ്രൈവർ പീരുമേട് സ്വദേശി ജിതിൻ കുമാറാണ്, പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ ആദ്യം കണ്ടത്. ആ കാഴ്ചയെക്കുറിച്ചു പറയുന്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
“”സമീപത്ത് വേസ്റ്റുകൾ കൂട്ടിയിടുന്ന ഭാഗമുണ്ട്. അതിലേക്ക് ആരെങ്കിലും വലിച്ചെറിഞ്ഞ കവറാകുമെന്നാണ് ആദ്യം കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോൾ ചോരയിൽ കുളിച്ച് കുഞ്ഞിന്റെ ശരീരം… മുന്പ് മൃതദേഹങ്ങൾ പലതു കണ്ടിട്ടുള്ള എനിക്ക് ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോൾ സഹിക്കാനായില്ല. ആദ്യമൊന്നു പതറി. പിന്നെ തൊട്ടടുത്ത ഫ്ലാറ്റിൽനിന്നു ബെഡ്ഷീറ്റ് വാങ്ങി മൂടി. കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനു തൊട്ടുപിന്നാലെ പോലീസ് പാഞ്ഞെത്തി.”
“”ഞാൻ വിവാഹിതനാണ്. കുഞ്ഞുങ്ങൾ ആയിട്ടില്ല… എത്രയോ പേരാണ് കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നത്?എങ്ങനെ തോന്നി അവർക്കു പ്രസവിച്ചയുടൻ ഈ കുഞ്ഞിനെ വലിച്ചെറിയാൻ…. ? ഇങ്ങോട്ടു തരാമായിരുന്നില്ലേ ആ ജീവനെ…” – ജിതിന്റെ വാക്കുകൾ മുറിഞ്ഞു. കുഞ്ഞിന്റെ മൃതദേഹത്തിനരികെ ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞെത്തിയ കോർപറേഷനിലെ ഐസിഡിഎസ് ചീഫ് സൂപ്പർവൈസർ ഇന്ദുവും ആരോടെന്നില്ലാതെ സങ്കടമൊതുക്കി പറഞ്ഞു.
“ഞങ്ങളെ ഒന്നറിയിച്ചിരുന്നെങ്കിൽ കുഞ്ഞിനെ ഏറ്റെടുത്തു കൊണ്ടുപോകുമായിരുന്നു… ഇങ്ങനെയൊക്കെ വേണ്ടിയിരുന്നില്ലല്ലോ…!”ഹൃദയം പിളർക്കുന്ന കാഴ്ച കണ്ടവർ, കേട്ടവർ, മലയാളത്തിന്റെ അമ്മത്തൊട്ടിലുകൾ…. എല്ലാം അതേറ്റു പറഞ്ഞു- “”ഇങ്ങു തരാമായിരുന്നില്ലേ ആ ചോരക്കുഞ്ഞിനെ…!’’
സിജോ പൈനാടത്ത്