പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജനിച്ച നവജാതശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാർ നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലേക്ക്.
ചികിത്സയിലെ ഗുരുതരമായ പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പെരിങ്ങോം സ്വദേശി ടി.വി. ശ്രീജു പരിയാരം പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കേസെടുക്കുകയും പയ്യന്നൂർ ഡിവൈഎസ്പി അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയതിനു പുറമെ മെഡിക്കൽ കോളജിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തു. സൂചി കുട്ടിയുടെ ശരീരത്തിലെത്തിയത് മെഡിക്കല്‍ കോളജില്‍ നിന്നല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായതായാണ് സൂചന.
രക്തപരിശോധനക്ക് കുട്ടിയുമായി സ്വകാര്യലാബില്‍ പോയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ ലാബ് കേന്ദ്രീകരിച്ച അന്വേഷണമാണ് നടക്കുന്നത്. അടുത്തദിവസം തന്നെ ഇക്കാര്യത്തില്‍ വ്യക്തത ഉറപ്പുവരുത്താനാവുമെന്നാണ് പോലീസ് പറയുന്നത്.