കലബുർഗി(കർണാടക): നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകള് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കി പോലീസ്. കലബുർഗി (ഗുൽബർഗ) ജില്ലാ ആശുപത്രിയിൽ തിങ്കളാഴ്ചയാണു സംഭവം.
സെയ്ദ് ചിഞ്ചോലി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികള്ക്കു ജനിച്ച കുഞ്ഞിനെയാണു സ്ത്രീകള് തട്ടിക്കൊണ്ടുപോയത്.കുഞ്ഞിന്റെ രക്തം പരിശോധിക്കണമെന്നു പറഞ്ഞാണു കുഞ്ഞിനെ ഇവർ വാർഡില്നിന്നു കൊണ്ടുപോയത്.
കുഞ്ഞിനെ തിരികെ ലഭിക്കാതെ അന്വേഷിച്ചപ്പോഴാണു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്നു മനസിലായത്. ആശുപത്രി അധികൃതർ സിസിടിവി പരിശോധിച്ചപ്പോള് രണ്ടു സ്ത്രീകള് കുഞ്ഞിനെയുംകൊണ്ടു പോകുന്നതായി കണ്ടെത്തി. ഈ ദൃശ്യങ്ങള് കേന്ദ്രീകരിച്ചാണു പ്രതികള്ക്കായി തെരച്ചില് നടത്തുന്നത്.