സ്വന്തം ലേഖകൻ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ നിരവധി നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ ഏജൻസികൾ.
ബോംബ് നിർമാണത്തിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ എൻഐഎഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തു.
രണ്ടു ഘട്ടങ്ങളിലായി നടത്തിയ റെയ്ഡിൽ ഇരുനൂറിൽ അധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനു പിന്നാലെയാണ് തെളിവുകളെക്കുറിച്ച് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയത്.
ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ എങ്ങനെ നിർമിക്കാം എന്നു നിർദേശിക്കുന്ന മാനുവലാണ് ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നിന്നും പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് മൊഹമ്മദ് നയീമിൽനിന്നും പിടിച്ചെടുത്തത്.
യുപിയിലെ തന്നെ ഖദ്രയിൽ അറസ്റ്റിലായ അഹമ്മദ് ബേഗ് നദ്വിയിൽ നിന്നും ബോംബുണ്ടാക്കുന്നതിനുള്ള മാനുവൽ പിടിച്ചെടുത്തു.
17 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സജീവ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് എൻഐഎ വ്യക്തമാക്കിയത്.
പോലീസും എൻഐഎയും പോപ്പുലർ ഫ്രണ്ടിനെതിരേ 1,300 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന ആഹ്വാനത്തോടെയുള്ള മിഷൻ 2047 എന്ന പേരിൽ ലഘു ലേഖകളും സിഡികളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റിന്റെ പക്കൽ നിന്നാണ് ഇവ കണ്ടെടുത്തത്.
ഐസിസ്, ഗ്വാജാ ഇ ഹിന്ദ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെട്ട പെൻഡ്രൈവുകളും യുപിയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.