മൂവാറ്റുപുഴ: ബോട്ടിൽ ആർട്ടിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ ഒരുക്കി പൂജയും പുണ്യയും. വീട്ടൂർ എബനൈസർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളും മുളവൂർ ഒലിയപ്പുറത്ത് രമേശന്റെയും രാധികയുടെയും ഇരട്ടകുട്ടികളായ പൂജ രമേശും പുണ്യ രമേശുമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്, യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരുടെ ചിത്രങ്ങൾ ബോട്ടിൽ ആർട്ടിൽ തീർത്തത്.
രാജ്യത്ത് നടക്കുന്ന ഏതൊരു സംഭവ വികാസങ്ങളും കായിക മത്സരങ്ങളുമെല്ലാം നടക്കുന്പോൾ പ്രധാന താരങ്ങളുടെയും രാജ്യങ്ങളുമെല്ലാം ബോട്ടിൽ ആർട്ടിൽ വരയ്ക്കുന്നത് ഇവരുടെ പതിവാണ്.
പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം ഇവർ വരച്ചത്. കഴിഞ്ഞ വർഷം ഓണ്‍ലൈനിൽ ലൈവായിട്ട് നടന്ന മത്സരത്തിൽ ഒരു മണിക്കൂറിൽ ഇരുവരും ചേർന്ന് 40 രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളാണ് വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സും ഇവർ സ്വന്തമാക്കിയിരുന്നു.
ചില്ല് കുപ്പിയിലെ വെളുത്ത പ്രതലത്തിൽ കറുത്ത മഷിയിലാണ് ചിത്രങ്ങൾ തീർത്തത്. നേരിട്ട് തങ്ങളെ കാണാൻ എത്തുന്ന സ്ഥാനാർഥികൾക്ക് ചിത്രങ്ങൾ സമ്മാനിക്കുമെന്ന് പുണ്യയും പൂജയും പറഞ്ഞു.