ഒരു വിദ്യാർഥി 30 വർഷം മുമ്പ് കുപ്പിയിലാക്കി കടലിലൊഴുക്കിയ ഒരു സന്ദേശം ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളിൽ ചെന്നെത്തിയതാണ് വൈറലാകുന്നത്. ഈ സന്ദേശം കിട്ടിയത് സതാംപ്ടൺ തീരത്തുനിന്നും ആഡം ട്രാവിസ് എന്ന വ്യക്തിക്കാണ്. പച്ച കുപ്പിയിലടച്ച ഒരു സന്ദേശമായിരുന്നു അത്. തീരത്ത് വച്ച് തന്നെ കുപ്പി തുറന്ന് സന്ദേശം പുറത്തെടുക്കാൻ ആഡം ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. പിന്നാലെ, ഇയാൾ വീട്ടിൽ ചെന്ന് കുപ്പി തകർത്ത് സന്ദേശം പുറത്തെടുത്തു.
1992 ഒക്ടോബറിൽ എഴുതിയതായിരുന്നു കുറിപ്പ്. പെൻസിൽ വച്ചായിരുന്നു അതെഴുതിയത്. അധ്യാപകനായ റിച്ചാർഡ് ഇ ബ്രൂക്സ് നൽകിയ അസൈൻമെന്റിന്റെ ഭാഗമായി രണ്ട് വിദ്യാർത്ഥികളാണ് കുറിപ്പ് എഴുതിയത്. ഈ അസൈൻമെൻ്റിൽ, സമുദ്ര പ്രവാഹങ്ങളെക്കുറിച്ച് പഠിക്കാൻ വേണ്ടി വിദ്യാർഥികളോട് സന്ദേശങ്ങളെഴുതി കുപ്പിയിലടച്ച് ഒഴുക്കി വിടാൻ ആവശ്യപ്പെടുകയായിരുന്നു അധ്യാപകൻ.
അതിനുള്ളിലെ സന്ദേശം ഇങ്ങനെയായിരുന്നു: “ഈ കത്ത് കണ്ടെത്തുന്ന പ്രിയപ്പെട്ടവരേ, ഒമ്പതാം ക്ലാസിലെ ഒരു ഭൗമശാസ്ത്ര പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കുപ്പി ലോംഗ് ഐലൻഡിനടുത്തുള്ള അറ്റ്ലാൻ്റിക് സമുദ്രത്തിലേക്ക് ഒഴുക്കിവിട്ടിരിക്കുന്നത്. ദയവായി ചുവടെയുള്ള വിവരങ്ങൾ പൂരിപ്പിച്ച് കുപ്പി ഞങ്ങൾക്ക് തിരികെ നൽകുക. നന്ദി, സീൻ, ആൻഡ് ബെൻ.“
ഷോൺ മക്ഗിൽ, ബെൻ ഡോറോസ്കി എന്നീ വിദ്യാർഥികളാണ് 30 കൊല്ലക്കാലം കടലിൽ ഒഴുകി നടന്ന് തീരത്തണഞ്ഞ ആ കുപ്പിയിലെ കുറിപ്പ് അയച്ചിരുന്നത്. Mattituck High School -ൽ നിന്നുള്ള വിദ്യാർഥികളായിരുന്നു ഈ കത്തെഴുതിയത്. അങ്ങനെ ആ സ്കൂളിന്റെ അലുമ്നി പേജിൽ ആഡം തനിക്ക് കിട്ടിയ കുപ്പിയുടേയും കുറിപ്പിന്റേയും ചിത്രം പങ്കുവച്ചു. എന്നാൽ, ഈ അസൈൻമെന്റ് നൽകിയ അധ്യാപകൻ ബ്രൂക്സ് കഴിഞ്ഞ സെപ്തംബറിൽ മരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മക്കൾ ഈ കുറിപ്പ് കണ്ടു. അതവർക്ക് വല്ലാത്ത അത്ഭുതവും അമ്പരപ്പുമാണ് സമ്മാനിച്ചത്. 30 കൊല്ലക്കാലം മുമ്പ് അച്ഛൻ നൽകിയ ഒരു അസൈൻമെനന്റ് തിരികെ വരും എന്നവർ കരുതിയേ ഇല്ല.
ഒടുവിൽ കടലിൽ നിന്നും കളഞ്ഞുകിട്ടിയ ആ കുപ്പിയും സന്ദേശവും ആ അധ്യാപകന്റെ വീട്ടുകാരെ ഏൽപ്പിക്കാൻ തന്നെ ആഡം തീരുമാനിച്ചു. അത് തങ്ങൾക്ക് അച്ഛനെ കുറിച്ചുള്ള നല്ലൊരോർമ്മ സമ്മാനിക്കും എന്ന് പറഞ്ഞുകൊണ്ട് അതിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ബ്രൂക്സിന്റെ കുടുംബം. ഏതാണ്ട് 30 വർഷം മുമ്പ് ഇങ്ങനെയൊരു അസൈൻമെന്റ് നൽകുമ്പോൾ ബ്രൂക്സ് കരുതിക്കാണുമോ തന്റെ മരണശേഷം വിദ്യാർഥികളയച്ച ആ സന്ദേശം തന്റെ കുടുംബത്തിന്റെ അടുത്തെത്തും എന്ന്.