സ്വന്തം ലേഖകൻ
തൃശൂർ: സാന്താക്ലോസുമാർ തൃശൂർ നഗരത്തെ കീഴടക്കി. ചുവന്ന തൊപ്പിയും ചുവന്ന ഉടുപ്പും ധരിച്ച് ക്രിസ്മസ് പാപ്പമാർ “ബോണ്‍ നത്താലെ’ ഗാനത്തിന്റെ താളത്തിനൊത്തു ചുവടുവച്ചു. പതിനായിരത്തോളം ക്രിസ്മസ് പാപ്പമാർ നിറഞ്ഞൊഴുകിയപ്പോൾ സ്വരാജ് റൗണ്ട് ചുവന്നുതുടുത്തു. തൃശൂരിൽ പൂത്തുലഞ്ഞതു സാന്താ പൂരം.
ക്രിസ്മസിനോടനുബന്ധിച്ച് തൃശൂർ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നത്താലെ കരോൾ ഘോഷയാത്ര കാണാൻ ആയിരങ്ങൾ നഗരത്തിലെത്തി. സ്വരാജ് റൗണ്ടിന് ഇരുവശവും തിങ്ങിനിറഞ്ഞ ജനം ഹർഷാരവങ്ങൾ മുഴക്കിയും അപൂർവദൃശ്യങ്ങൾ പകർത്തിയും ബോൺ നത്താലെയ്ക്ക് ആവേശം പകർന്നു.
സാന്താ വേഷമണിഞ്ഞവരുടെ ബൈക്ക് റാലിയോടെയായിരുന്നു തുടക്കം. തുടർന്നു റോളർ സ്കേറ്റിംഗുമായി നൂറു ബാലന്മാർ സ്വരാജ് റൗണ്ടിലൂടെ പറന്നു. വീൽചെയറുകളിൽ ജീവിക്കുന്ന ഇരുനൂറോളം പേരാണു സാന്താക്ലോസ് വേഷത്തിൽ പിറകേ പ്രത്യക്ഷപ്പെട്ടത്. മാലാഖവേഷം ധരിച്ച ബാലികാ ബാലന്മാർ, ഫാൻസി ഡ്രസ് വേഷധാരികൾ എന്നിവരും നിരന്നു. ഇവർക്കു പിറകിലായാണ് സാന്താക്ലോസ് വേഷമണിഞ്ഞവർ ഫ്ളാഷ് മോബ് നൃത്തച്ചുവടുകളുമായി മുന്നേറിയത്.
ദീപാലംകൃതമായ മൂന്നു പ്രകാശ ലോറികളും പുതുമയുള്ള 22 ഫ്ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും ചലിക്കുന്ന തീമുകളും ഘോഷയാത്രയെ വർണാഭമാക്കി. ഹാപ്പി ഡേയ്സ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദീപാലംകൃതമായ നഗരത്തിലെ ഘോഷയാത്ര അവിസ്മരണീയ അനുഭവമായി.
ജനപ്രതിനിധികളും മതമേലധ്യക്ഷരും പൗരപ്രമുഖരും ചേർന്നാണ് ഘോഷയാത്രയെ നയിച്ചത്. കരോൾ ഘോഷയാത്രയുടെ വിളംബരവുമായി വിശിഷ്ടാതിഥികൾ വെള്ളരിപ്രാവുകളെ പറത്തി. മേയർ അജിത വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ അപ്രേം മെത്രാപ്പോലീത്ത, മന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എംപി, അനിൽ അക്കര എംഎൽഎ, എം.പി. വിൻസെന്റ്, ഫാ. ജോസ് പുന്നോലിപ്പറന്പിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. മേരി റെജീന, തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സന്പൂർണ, ജോജു മഞ്ഞില തുടങ്ങിയവർ മുൻനിരയിലുണ്ടായിരുന്നു.
തൃശൂർ സെന്റ് തോമസ് കോളജ് കാന്പസിൽനിന്നു വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച ഘോഷയാത്ര രാത്രി എട്ടോടെയാണു സമാപിച്ചത്.