കാഞ്ഞിരപ്പള്ളി: എതിരാളികളെ വീണ്ടും ഇടിച്ചുവീഴ്ത്തി സംസ്ഥാന അമച്വർ ക്വിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോഗ്രാമിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് വിഭാഗം ലൈറ്റ് കോണാക്ട് വിഭാഗത്തിലാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. ഇതോടൊപ്പം ക്വിക്ക് ലൈറ്റ് വിഭാഗത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട് നിദാ.
ഇതോടെ പൂണയിൽ 21 മുതൽ 27 വരെ നടക്കുന്ന നാഷണൽ ക്വിക്ക് ബോക്സിംഗ് ചാംപ്യൻഷിപ്പിന് യോഗ്യത നേടിയിരിക്കുകയാണ് നിദാ ഫാത്തിമ.
കോഴിക്കോട് പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ 15 മുതൽ 17 വരെയായിരുന്നു സംസ്ഥാന ചാന്പ്യൻഷിപ്പ് നടന്നത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ പിതൃസഹോദരീപുത്രനായ റയീസ് എം. സജിയുടെ പ്രകടനം കണ്ട് മനസിൽ കയറിയ കമ്പമാണ് ക്വിക്ക് ബോക്സിംഗിനോട്.
റയീസ് തന്നെയാണ് നിദയുടെ പരിശീലകനും. 2019ൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് പരിശീലനം. ഇതിനകം തന്നെ നിരവധി തവണ ജില്ലാ-സംസ്ഥാന തലങ്ങളിൽ വിജയം കരസ്ഥമാക്കിയിട്ടുമുണ്ട്.
കാഞ്ഞിരപ്പള്ളി കല്ലുങ്കൽ വീട്ടിൽ നിയാസ്-നസിയ ദമ്പതികളുടെ മകളും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമാണ് നിദാ.