സ്വന്തം കുഞ്ഞിനെ അതും സുഖമില്ലാത്ത മകനെ ഒന്ന് തലോടാന്‍ പോലും സാധിക്കാത്ത അമ്മയുടെ ദുഖം എന്തുമാത്രമായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചു നോക്കു. അങ്ങനെയൊരമ്മയുണ്ട്. എന്നാല്‍ അമ്മയ്ക്ക് ശുശ്രൂഷിക്കാന്‍ കഴിയാത്ത ഈ അവസ്ഥയില്‍ ആ മകനെ നോക്കുന്നത് ഒരു നായയാണ് എന്നതാണ് ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം. ഷന്ന നെയ്ഹസ് എന്ന അമ്മയുടെയും അവരുടെ അഞ്ചുവയസ്സുകാരനായ മകന് കെയ്നോയുടെയുമാണ് ആരുടേയും കണ്ണ് നിറയ്ക്കുന്ന ഈ കഥ.
പക്ഷെ ഈ കഥയിലെ ഹീറോ ഇവരല്ല. മനുഷ്യര്‍ തോറ്റിടത്ത് സ്നേഹം കൊണ്ട് വിജയിച്ച ടൊര്‍നാഡോ എന്ന നായയാണ് കഥാനായകന്. അഞ്ചുവയസ്സുകാരനായ കെയ്നോയ്ക്ക് ഓട്ടിസം രോഗമാണ്. സ്വന്തം അമ്മ പോലും അടുത്തു വരുന്നതോ പരിചരിക്കുന്നതോ അവനിഷ്ടമല്ല. ആരെങ്കിലും അടുത്തുവരാന്‍ ശ്രമിച്ചാല്‍ അവന് ഉടന്‍ തന്നെ അക്രമാസക്തനാവും. അടുത്തെത്തുന്നവരെ വല്ലാതെ ഉപദ്രവിക്കും. അവസാന ശ്രമമെന്ന നിലയിലാണ് ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ പരിചരിക്കുന്ന ഓട്ടിസം സര്‍വീസ് ഡോഗിന്റെ സേവനം കൂടി പരീക്ഷിച്ചു നോക്കാമെന്ന് ആ അമ്മ തീരുമാനിച്ചത്. അങ്ങനെയാണ് ടൊര്നാര്ഡോ ഇവരുടെ ജീവിതത്തിലേക്കെത്തിയത്.
മനുഷ്യരേക്കാളുപരിയായി കൃത്യമായ പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് ഇത്തരം കുട്ടികളുമായി വളരെപ്പെട്ടെന്ന് ചങ്ങാത്തത്തിലാവാനും അവരെ ശാന്തരാക്കാനും കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതു തന്നെയാണ് കെയ്നോ എന്ന അഞ്ചുവയസ്സുകാരന്റെ ജീവിതത്തിലും സംഭവിച്ചത്. പരിചയപ്പെട്ട് അധികസമയം കഴിയുന്നതിനു മുമ്പു തന്നെ കെയ്നോ ടൊര്നാര്ഡോയുമായി ചങ്ങാത്തത്തിലാവുകയും അവന്റെ പുറത്ത് ചാരിക്കിടക്കുകയും ചെയ്തു. അമ്മയുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. മനുഷത്വവും മനുഷ്യബന്ധങ്ങളും പരാജയപ്പെട്ടിടത്ത് നിഷ്കളങ്കമായ സ്നേഹം കൊണ്ട് വിജയിക്കുകയായിരുന്നു ആ നായ.