കമ്പം: തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ പതിമൂന്നുകാരൻ പോലീസ് പിടിയിൽ. കമ്പം ചുരുളിപ്പെട്ടി റോഡരുകിലാണ് എൺപത്തിയെട്ടുകാരിയായ രാമത്തായ് താമസിച്ചിരുന്നത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. രാമത്തായുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് പ്രതിയെ കണ്ടെത്താൻ ഉത്തമപാളയം ഡിഎസ് പി പ്രത്യേക സംഘത്തെ നിയമിച്ചു. ഇത്തരത്തിൽ കുറ്റകൃത്യം ചെയ്തിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തു. രാമത്തായുടെ സമീപത്ത് താമസിക്കുന്നവരും ബന്ധുക്കളുമായ നിരവധി പേരെയും ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ലായിരുന്നു. എന്നാൽ കൃത്യം നടന്ന സ്ഥലത്തെ വിരലടയാളങ്ങൾ കുട്ടികളുടേതാണെന്ന് കണ്ടെത്തിയതോടെ സമീപ പ്രദേശത്ത് മുമ്പ് കുറ്റകൃത്യങ്ങൾ നടത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ തെരുവിൽ താമസിച്ചിരുന്ന പതിമൂന്നുകാരൻ നേരത്തെ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ രാമത്തായുടെ ആഭരണങ്ങളും കണ്ടെത്തി. ഇവരുടെ കൈയിൽ ആഭരണങ്ങൾ ഉണ്ടെന്ന് പതിമൂന്നുകാരൻ കരുതി. സംഭവം നടന്ന ദിവസം ഇവരുടെ വീടിനുള്ളിൽ കയറി കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് വയോധിക ഇവനോട് വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ പിടിവലി നടക്കുകയും വയോധിക തറയിൽ തലയടിച്ചു വീണ് ബോധം കെട്ടു. എഴുന്നേറ്റാൽ അവർ ബന്ധുക്കളോട് വിവരം അറിയിക്കുമെന്ന് ഭയന്ന പതിമൂന്നുകാരൻ കമ്പുപയോഗിച്ച് ഇവരുടെ നെഞ്ചത്തും മുഖത്തും അടിച്ചു. തുടർന്ന് പരിക്കേറ്റ വയോധിക വീട്ടിൽ വച്ച് മരിച്ചു. തുടർന്ന് അലമാര തുറന്ന് മാലയുമെടുത്ത് അവൻ വീട്ടിലേക്ക് പോയി. എന്നാൽ മോഷ്ടിച്ച മാല മുക്കുപണ്ടമായിരുന്നു. തുടർന്ന് കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.