ചിലര്‍ നൂറുവര്‍ഷം ജീവിക്കും എന്നാല്‍ മറ്റ് ചിലര്‍ വേഗമങ്ങ് മടങ്ങും. പക്ഷെ അവരുടെ ഒരു വാക്കോ എന്തിനേറെ ഒരുചിരിയോ പില്ക്കാലത്ത് ഈ ലോകത്തെതന്നെ മാറ്റിമറിച്ചേക്കാം.
അത്തരത്തിലൊരു കുഞ്ഞായിരുന്നു ഗ്രെയ്സണ് പാരീസ്. അമേരിക്കയിലെ വടക്കന്‍ ഡക്കോട്ടയിലെ ഗ്രാന്‍ഡ് ഫോര്‍ക്സ് എന്ന സ്ഥലത്ത് 2017 ഡിസംബര്‍ ഒന്നിനായിരുന്നു അവന്റെ ജനനം.
എന്നാല്‍ ഈ കുഞ്ഞിന് ഹൃദയസംബന്ധിയായ പ്രശ്നമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി അഞ്ച് മാസത്തിനുള്ളില്‍ ഗ്രെയ്സണ് ഒരു ശസ്ത്രക്രിയ നടത്തി.
അവന്റെ ചെറിയ ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യാന്‍ ഒരു ബാഹ്യ ഉപകരണം ഘടിപ്പിച്ചിരുന്നു. ഏറെ വൈകാതെ ന്യുമോണിയ നിമിത്തം 2019 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച ആ കുഞ്ഞ് ഈ ഭൂമിയില്‍നിന്നും യാത്രയായി.
എന്നാല്‍ അവന്റെ മരണം അവയവമാറ്റം നിമിത്തമല്ലെന്ന് ആളുകളെ അറിയിക്കണമെന്ന് മാതാപിതാക്കളും മറ്റുചിലരും ആഗ്രഹിച്ചു.
കാരണം അവനുള്‍പ്പെടുന്ന ജനത പലകാരണങ്ങളാല്‍ അവയവദാനത്തിലും മറ്റും പിന്നോട്ട് നില്‍ക്കുന്നവരാണ്.
ഗ്രെയ്സന്റെ മരണം അവയവമാറ്റം നിമിത്തമാണെന്ന് അവര്‍ വിശ്വസിച്ചാല്‍ പിന്നീട് ഹൃദയപ്രശ്നങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്കും ഈ ചികിത്സാ ലഭിക്കാതെ വന്നേക്കാം. ഈ അവസ്ഥ ഒഴിവാക്കാനായി അവന്റെ കുടുംബം ആഗ്രഹിച്ചു.
ഗോത്ര വംശജരായ ചിപ്പേവ ഇന്ത്യന്‍സിന്റെ ടര്‍ട്ടില്‍ മൗണ്ടന്‍ ബാന്‍ഡ് ഈ വര്‍ഷം നവംബറില്‍ ഗ്രെയ്സനെ ആദരിച്ചു, ആദിവാസികള്‍ക്കിടയില്‍ അവയവദാന ബോക്സ് ചേര്‍ക്കാനുള്ള പ്രമേയം അവര്‍ അവതരിപ്പിച്ചു.
തദ്ദേശീയരായ അമേരിക്കക്കാര്‍ക്കിടയിലെ അവയവദാന നിരക്ക് മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.
വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിമിത്തം അവയവദാനത്തിനും അവയവ മാറ്റത്തിനും പലരും തയ്യാറാകുന്നില്ല. എന്നാല്‍ ഗ്രെയ്സണ് അവരെ ചിന്തിപ്പിച്ചുകൊണ്ടേയിരിക്കും.
“കൂടുതല്‍ ദാതാക്കള്‍ ഉണ്ടായിരിക്കണം. ഇത്തരം കുട്ടികള്‍ കൂടുതല്‍ ജീവിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.’എന്നാണ് ഗ്രെയ്സന്റെ മുത്തശി ജോവാന് അസൂര്‍ പറഞ്ഞത്.
അവയവദാനത്തെയും മാറ്റിവയ്ക്കലിനെയും കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി നിരവധി ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ലൈഫ് സോഴ്സ്.
ഗോത്ര വംശജരായ ചിപ്പേവ ഇന്ത്യന്‍സിന് ഐഡികള്‍ നല്‍കുക വഴി അവയവ ദാതാക്കളുടെ എണ്ണം കൂടുമെന്നും മറ്റ് വിഭാഗങ്ങളെ ഇത് ചിന്തിപ്പിക്കുമെന്നും ലൈഫ് സോഴ്സിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ സൂസന് മൗ ലാര്സണ് പറഞ്ഞു,
ഇത്തരം പ്രവര്‍ത്തകര്‍ക്കെല്ലാം ഗോത്ര വംശജരിലേക്ക് ഈ വിഷയം എത്തിക്കാനുള്ള ഒരു മാര്‍ഗമായി നിലകൊള്ളുകയാണ് ഗ്രെയ്സണ് പാരീസ്.
നോക്കൂ ഒരുവാക്ക് പോലും അവന് ഈ ലോകത്തോട് പറഞ്ഞിരുന്നില്ല. പക്ഷെ അവനെത്ര ഗഹനമായ വിഷയത്തെക്കുറിച്ചാണ് സദാ സംഭാഷിക്കുന്നത്.
പിന്നീട് എത്രയോ കുഞ്ഞുങ്ങളുടെ പുഞ്ചിരിക്ക് ആ മാലാഖക്കുഞ്ഞ് കാരണമായി മാറിരിക്കുന്നു…