പട്ടാമ്പി: സ്വകാര്യ വ്യക്തിയുടെ കുളത്തിൽ നിന്ന് പതിമൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് കുമരനെല്ലൂരിലാണ് സംഭവം. അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് മുതൽ അൽ അമീനെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും കുട്ടിയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ നിന്നും കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തുകയായിരുന്നു.
പിന്നാലെ പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം രാത്രി 11 മണിയോടെ കുളത്തിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.