ചാത്തന്നൂർ: കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി കുളിക്കാനിറങ്ങിയ കടവിൽ നിന്നുമാണ് ഫയർഫോഴ്സ് സ്കൂബാ ടീം ഇന്ന് രാവിലെ പത്തു മണിയോടെ മൃതദേഹം കണ്ടെടുത്തത്. ഇന്ന് രാവിലെ മുതൽ തന്നെ ഫയർഫോഴ്സ് സ്കൂബാ ടീമും പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ രാവിലെ പുനരാരംഭിച്ചിരുന്നു.
ഇന്നലെ പകൽ രണ്ടു മണിയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ മീനാട് പടിഞ്ഞാറ് കൊടിയാട്ട് (എം എസ് ഭവൻ) സന്തോഷിന്റെയും ആതിരയുടെയും മകൻ അദ്വൈത് (അപ്പു – 13 ) ആണ് മരിച്ചത്. ഇന്നലെ പകൽ ആരംഭിച്ച തെരച്ചിൽ രാത്രി എട്ടുമണിയോടെ നിർത്തിവച്ചു. ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ കുട്ടിയെ ചെളിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ചാത്തന്നൂർ ഗവ. വി എച്ച് എസ് എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്. ഇന്നലെ പകൽ രണ്ടു മണിയോടെയാണ് സംഭവം. മീനാട്ട് ഒരു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നടക്കുന്നുണ്ട്. അദ്വൈതും മറ്റ് മൂന്ന് കൂട്ടുകാരും ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽപങ്കെടുത്ത ശേഷം കൂട്ടുകാർ തൊട്ടടുത്ത ഇത്തിക്കരയാറ്റിലേയ്ക്ക് പോയി. ആറ്റിൽ കുളിക്കാൻ ശ്രമിക്കുമ്പോൾ അദ്വൈത് ഒഴുക്കിൽ പെടുകയായിരുന്നു.
അദ്വൈതിനെ വെള്ളത്തിൽ കാണാതായതോടെ ഒപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാർ പരിഭ്രമിച്ചു ഓടിപ്പോയി. മറ്റൊരാൾ നദിക്കരയിലിരുന്ന് നിലവിളിച്ചതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. നാട്ടിലെ ചെറുപ്പക്കാർ സ്വന്തം നിലയിൽ തെരച്ചിൽ നടത്തുകയും പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയും ചെയ്തു. ഫയർഫോഴ്സിന്റെ സ്കൂബാ ടീമും എത്തി നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും രാത്രി നിർത്തിവച്ച ശേഷം ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അഭിരാമിയാണ് അദ്വൈതിന്റെ സഹോദരി.