പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് പാലത്തിൽ കുടുങ്ങിയ ആംബുലൻസ് ഡ്രൈവർക്ക് വഴി കാട്ടിയായി കൊച്ചു ബാലൻ. കർണാടകയിലെ ദേവദുർഗ യാഡ്ഗിർ റോഡിലാണ് സംഭവം. കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഈ മേഖല മുഴുവൻ വെള്ളത്തിന് അടിയിലായിരുന്നു.
പാലത്തിലൂടെ പോകുവാൻ ഒരു ആംബുലൻസ് ഇവിടെ എത്തി. എന്നാൽ വെള്ളം കാരണം വഴിയറിയാതെ ഡ്രൈവർ ബുദ്ധിമുട്ടി. പെട്ടന്ന് ഇവിടെ എത്തിയ ഒരു കുട്ടി ആംബുലൻസിനെ വഴി കാണിക്കുവാൻ വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു.
വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയിൽ കുട്ടി നിരവധി തവണ വീണുവെങ്കിലും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് നീങ്ങുകയായിരുന്നു. കരയുടെ മറുവശം എത്തിയപ്പോൾ മറ്റൊരാളാണ് ഈ കുട്ടിയെ പിടിച്ചു കയറ്റിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.