ബെയ്ജിംഗ്: ഹോട്ടൽ ബിൽ നൽകാതിരിക്കാൻ യുവാവ് കാട്ടിയ സാഹസം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാനംമുട്ടെ നിൽക്കുന്ന രണ്ടു കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടെലഫോണ്‍ വയറിലൂടെ തൂങ്ങിയാടിയായിരുന്നു യുവാവിന്റെ സാഹസം. ചൈനയിലെ ജിംഗ്സു പ്രവിശ്യയിൽ നടന്ന സംഭവമെന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്.
ഒരു ഹോട്ടൽ കെട്ടിടത്തിന്റെ 19-ാം നിലയിൽനിന്നു മറ്റൊരു കെട്ടിടത്തിലേക്കു രക്ഷപ്പെടാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാൽ ആകാശത്ത് ഇടയ്ക്കുവച്ച് ഇയാൾ രണ്ടു വയറുകൾക്കിടയിൽ കുടുങ്ങിപ്പോയി. ഹൈടെൻഷൻ വൈദ്യുത കന്പികൾക്കു സമീപത്തുകൂടിയായിരുന്നു ഇയാൾ തൂങ്ങിയാടിയത്. പിന്നീട് ഫയർറെസ്ക്യു സംഘമെത്തിയാണ് അജ്ഞാതനായ യുവാവിനെ രക്ഷപ്പെടുത്തിയത്.
സംഭവം കണ്ടുനിന്നവർ യുവാവിന്റെ സാഹസം കാമറയിൽ പകർത്തി വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇയാൾ നൽകാനുണ്ടായിരുന്ന ഹോട്ടൽ ബിൽ എത്രയെന്നു വ്യക്തമല്ല.