സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്ഫോണ്ടിലുള്ള ക്രിസ് ഗാര്‍ഡിന്റെയും കോണി യേറ്റ്‌സിന്റെയും ദുഃഖം ലോകം ഒത്തൊരുമിച്ച് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇവരുടെ പത്ത് മാസം പ്രായമുള്ള ചാര്‍ളിയുടെ ആയുസ് വീണ്ടും നീട്ടിക്കിട്ടിരിയിരിക്കുകയാണ്. നിലവില്‍ ഗ്രേറ്റ് ഓര്‍മണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററില്‍ കഴിയുന്ന ചാര്‍ളിയുടെ ലൈഫ് സപ്പോര്‍ട്ട് ഇന്നലെ അവസാനിപ്പിക്കുമെന്നായിരുന്നു ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നത്. അതിനെ തുടര്‍ന്ന് തങ്ങളുടെ പ്രിയപുത്രന്‍ ഉടന്‍തന്നെ തങ്ങളെ വിട്ട് പോകുമെന്ന് ഈ മാതാപിതാക്കള്‍ ഭയപ്പെടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ലോകമാകമാനമുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും മനസാക്ഷി വറ്റിയിട്ടില്ലാത്ത അനേകം ആളുകള്‍ കണ്ണീരൊഴുക്കുകയും ചെയ്തതുവഴിയായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇക്കാര്യത്തെക്കുറിച്ചറിഞ്ഞു. മാതാപിതാക്കളുടെ കണ്ണീരില്‍ ചാലിച്ച അഭ്യര്‍ത്ഥന കണ്ട് മാര്‍പ്പാപ്പ സംഭവത്തില്‍ ഇടപെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. മനുഷ്യ ജീവന്‍ മനഃപൂര്‍വം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അതിനാല്‍ ചാര്‍ളിക്ക് നല്‍കി വരുന്ന ലൈഫ് സപ്പോര്‍ട്ട് തുടരണമെന്നും താന്‍ ചാര്‍ളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുമുള്ള പോപ്പിന്റെ പ്രതികരണം ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ മാതാപിതാക്കളുടെ കരച്ചിലില്‍ ചാലിച്ച അഭ്യര്‍ത്ഥനയും ലോകമെമ്പാടുനിന്നും ചാര്‍ളിയെ സ്‌നേഹിക്കുന്നവരുടെ സമ്മര്‍ദവും മൂലം ലണ്ടനിലെ ഈ ആശുപത്രി ചാര്‍ളിക്ക് അല്‍പം കൂടി ആയുസ് അനുവദിച്ചിരിക്കുകയാണ്. അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകാറുകളും മൂലം ചാര്‍ലിയെ അമേരിക്കയില്‍ കൊണ്ടു പോയി കൂടുതല്‍ വിദഗ്ധ ചികിത്സ നടത്താനായി ഈ മാതാപിതാക്കള്‍ ഈ അടുത്ത കാലം വരെ അങ്ങേയറ്റം പോരാടിയിരുന്നുവെങ്കിലും ആശുപത്രി അധികൃതര്‍ അതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ മകനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകാനും അവനെ വീട്ടില്‍ വച്ച് മരിക്കാനെങ്കിലും അനുവദിക്കണമെന്ന അവരുടെ അവസാനത്തെ ആഗ്രഹവും അധികൃതര്‍ നിര്‍ദയം തള്ളിക്കളയുകയായിരുന്നു. അതിനുശേഷമാണ് തങ്ങളുടെ മകന്റെ ജീവന്‍ രക്ഷിക്കണമെന്ന് കേണപേക്ഷിച്ചുകൊണ്ടുള്ള ഒരു വീഡിയോ ചാര്‍ളിയുടെ മാതാപിതാക്കള്‍ പുറത്തിറക്കുകയും അത് ലോകമാകമാനം ചുരുങ്ങിയ സമയം കൊണ്ട് പ്രചരിക്കുകയും ചെയ്തത്. ഇതോടെയാണ് ഈ കൊച്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യത്തിനും സമ്മര്‍ദത്തിനും പിന്തുണയേറുകയും ആശുപത്രി അധികൃതര്‍ അതിന് വഴങ്ങുകയും ചെയ്തത്. തങ്ങള്‍ ഇന്നലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റുമായി സംസാരിച്ചുവെന്നും ചാര്‍ളിക്ക് കുറച്ച് കൂടി സമയം അനുവദിക്കാമെന്ന് അവര്‍ സമ്മതിച്ചുവെന്നും കുട്ടിയുടെ അമ്മ യേറ്റ്‌സ് വെളിപ്പെടുത്തുന്നു.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ചാര്‍ളിക്ക് പിന്തുണയേകിയവര്‍ക്കെല്ലാം തങ്ങളുടെ ഹൃദയം നിറഞ്ഞുള്ള നന്ദി അറിയിക്കുകയാണ് ഈ ദമ്പതികള്‍. ചാര്‍ളീസ് ആര്‍മി എന്ന പേരിലുള്ള കൂട്ടായ്മ ചാര്‍ളിയുടെ ചികിത്സക്ക് വേണ്ടി നല്ലൊരു തുകയും സമാഹരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ചാര്‍ളിയെ അമേരിക്കയില്‍ കൊണ്ടു പോയി ചികിത്സിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നുവെങ്കിലും ബ്രിട്ടീഷ് അധികൃതര്‍ അനുമതി നിഷേധിച്ചുവെന്നാണ് മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചാര്‍ളിയോട് ഐക്യദാര്‍ഢ്യവും അനുകമ്പയും ചികിത്സ നിര്‍ത്താനുള്ള ആശുപത്രിയുടെ തീരുമാനത്തില്‍ ദേഷ്യവും പ്രകടിപ്പിച്ച് രംഗത്തെത്തിയതും കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് നീട്ടാന്‍ വഴിയൊരുക്കിയിരുന്നു. #JeSuisCharlieGard എന്ന ഹാഷ് ടാഗിന് കീഴില്‍ നിരവധി പേരാണ് കുട്ടിക്ക് വേണ്ടി ഓണ്‍ലൈനില്‍ രംഗത്തെത്തിയിരുന്നത്. ചാര്‍ലിയെ രക്ഷിക്കാന്‍ തങ്ങള്‍ക്കിനി ഒന്നും ചെയ്യാനില്ലെന്നാണ് ലണ്ടനിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. കുട്ടിയെ മരിക്കാന്‍ അനുവദിക്കുകയാണ് അവനോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയയെന്ന നിലപാടാണ് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ പുലര്‍ത്തിയത്. കുട്ടിയെ അമേരിക്കയില്‍ കൊണ്ടു പോയി ചികിത്സിക്കുന്ന കാര്യത്തില്‍ ഹൈക്കോര്‍ട്ട്, കോര്‍ട്ട് ഓഫ് അപ്പീല്‍ , സുപ്രീം കോടതി എന്നിവിടങ്ങളിലും മാതാപിതാക്കള്‍ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അവന്റെ അവസാന ദിവസങ്ങളെങ്കിലും തങ്ങളോടൊത്ത് വീട്ടില്‍ ചെലവഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം മാതാപിതാക്കള്‍ ഉന്നയിച്ചത്. എന്നാല്‍ അവര്‍ അതും നിഷേധിക്കുകയായിരുന്നു.