അമ്മയുമായി വഴക്കിട്ട് എടിഎം കാർഡ് മോഷ്ടിച്ച് വീടുവിട്ടിറങ്ങിയ പന്ത്രണ്ട് വയസുകാരൻ ബാലി ദ്വീപിലേക്ക് നാലുദിവസത്തെ വിനോദസഞ്ചാരത്തിനു പോയി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
അമ്മയുമായുള്ള വാക്കുതർക്കം അതിരുകടന്നപ്പോൾ മറിച്ചൊന്ന് ചിന്തിക്കാതെ കുടുംബാംഗങ്ങൾ എല്ലാം അവധിആഘോഷിക്കുവാൻ പോകുന്ന ലോകത്തിലെ മനോഹര സ്ഥലങ്ങളിൽ ഒന്നായ ബാലിയിലേക്കു വെച്ചുപിടിപ്പിക്കുകയായിരുന്നു. ഈ ദീർഘയാത്രക്ക് പണം ആവശ്യമാണെന്നു ബോധ്യമായപ്പോൾ വീട്ടിലിരുന്ന എടിഎം കാർഡും കുട്ടി മോഷ്ടിച്ചു.
സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയ ഈ ബാലൻ സ്കൂളിലെ ഐഡന്റിറ്റി കാർഡും പാസ്പോർട്ടും കൈയ്യിൽ കരുതിയിരുന്നു. ബാലിയിലേക്കു പോകും മുന്പ് സ്വീകരിക്കേണ്ട മുൻകരുതലിനെ പറ്റി തന്റെ മൊബൈൽഫോണ് ഉപയോഗിച്ചാണ് ഈ ബാലൻ അറിവുകൾ നേടിയത്.
ട്രെയിനിൽ വിമാനത്താവളത്തിലെത്തിയ ഈ കുട്ടി ആദ്യം പെർത്തിൽ ചെല്ലുകയും അവിടെ നിന്നും അടുത്ത വിമാനത്തിൽ ബാലിയിലെത്തുകയുമായിരുന്നു. നേരത്തെ തന്നെ ഹോട്ടൽ ബുക്ക് ചെയ്തിരുന്നതിനാൽ മറ്റ് അലച്ചിലുകളൊന്നും ഈ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈ കുട്ടിയോട് ഉദ്യോഗസ്ഥർ മാതാപിതാക്കൾ എവിടയാണ് എന്ന് ചോദിച്ചപ്പോൾ ബുദ്ധിപരമായ മറുപടി നൽകിയിരുന്നു.
തുടർന്ന് മാതാപിതാക്കളുടെ എടിഎം കാർഡുപയോഗിച്ച് പണം പിൻവലിച്ചതിനു ശേഷം നാലു ദിവസം സുഖകരമായ ജീവിതം ഇവിടെ നയിക്കുകയായിരുന്നു. എന്നാൽ ഈ സമയം വീട്ടിലെ അവസ്ഥ മറിച്ചായിരുന്നു. കുട്ടിയെ കാണാതിരുന്നതിനാൽ ഭയന്നു പോയ മാതാപിതാക്കൾ പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ എവിടെ അന്വേഷിക്കണം എങ്ങനെ അന്വേഷിക്കണം എന്ന് പോലീസിന് ഒരു തുന്പുമില്ലായിരുന്നു.
തുടർന്ന് ഈ കുട്ടി ബാലിയിൽ താൻ നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്നാണ് കുട്ടിയെ കണ്ടെത്താൻ മാതാപിതാക്കൾക്ക് സഹായമായത്. തുടർന്ന് ഇവർ കുട്ടിയെ കണ്ടെത്താനായി ബാലിയിലേക്കുള്ള യാത്രയിൽ പെർത്തിൽ എത്തിയപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഇവർ നേരിടേണ്ടി വന്നു.
കുറച്ചു ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും മകനുമായി മാതാപിതാക്കൾ വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തി. നാലു ദിവസം കൊണ്ട് 6,115 ഡോളർ ഈ കുട്ടി ചിലവഴിച്ചിരുന്നു. സംഭവം പുറത്തായതിനെ തുടർന്ന് ഈ കുട്ടിയുടെ സാഹസികയാത്ര അറിഞ്ഞവർ അന്പരന്നിരിക്കുകയാണ്.