കോട്ട: രാജസ്ഥാനിലെ ഝലാവറില്‍ ക്രിക്കറ്റ് മത്സരത്തില്‍ തോറ്റ ദേഷ്യത്തില്‍ 15 വയസുകാരനെ ബാറ്റുകൊണ്ട് എതിര് ടീമിലെ കളിക്കാരന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രകാശ് സാഹു ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ 20 വയസുകാരനും ബിഎ വിദ്യാര്‍ഥിയുമായ മുകേഷ് മീനയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാജസ്ഥാനിലെ ഝലാവറിലുള്ള ഭല്‍വാനി മണ്ഡി ടൗണില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനൊടുവിലാണു ദാരുണസംഭവം നടന്നത്.
സഹതാരങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തുകയായിരുന്ന പ്രകാശ് സാഹുവിനെ തോറ്റ ടീമിലെ കളിക്കാരനായ മുകേഷ് മീന പിന്നില്‍നിന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുകേഷ് മീനയ്ക്കെതിരേ കൊലപാതക്കുറ്റം ചുമത്തി.