കളവ് പറഞ്ഞതിന്റെ പേരില്‍ പത്തു വയസുകാരന് ക്രൂര മര്‍ദ്ദനം! മൊബൈല്‍ സര്‍വ്വീസ് സെന്ററിലെ ടെക്‌നീഷന്‍ പ്രചരിപ്പിച്ച വീഡിയോ വൈറലായതോടെ പിതാവ് അറസ്റ്റില്‍

കുട്ടികളെ അതിക്രൂരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും വരെ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ബംഗളൂരുവില്‍ പത്ത് വയസുകാരനെ പിതാവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ സിഎന്‍എന്‍ അടക്കമുള്ള ചാനലുകളിലൂടെ വൈറലായതിനെതുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെസ്റ്റ് ബംഗളുരുവിലെ ഗ്ലോബല്‍ വില്ലേജ് സ്വദേശിയായ മഹേന്ദ്ര കുമാര്‍ എന്നയാളെയാണ് കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തത്. കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കുട്ടിയുടെ അമ്മ സര്‍വ്വീസ് സെന്ററില്‍ നല്‍കിയപ്പോഴാണ് കുട്ടിക്ക് നേരെ നടന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്. ഫോണ്‍ പരിശോധിച്ച ടെക്‌നീഷ്യന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും പിന്നീട് വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ജുവനൈല്‍ നിയമപ്രകാരമാണ് മഹേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

പ്ലംബിംഗ് ജോലികള്‍ ചെയ്ത് ജീവിക്കുന്ന മഹേന്ദ്രകുമാര്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ വയര്‍ കൊണ്ടും പിന്നീട് ബെല്‍റ്റുകൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ദേഷ്യം സഹിക്കാന്‍ വയ്യാതെ മകനെ കട്ടിലിലേക്ക് പലതവണ എടുത്തെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന ഇയാളുടെ ഭാര്യ ഇതിന് പ്രോത്സാഹനവും നല്‍കുന്നുണ്ട്. സ്വകാര്യ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി.

മകന്‍ കളവ് പറയുന്നുവെന്ന് മഹേന്ദ്രകുമാറിന്റെ ഭാര്യ പരാതി പറഞ്ഞതോടെയാണ് മര്‍ദ്ദനം തുടങ്ങിയത്. റൂമില്‍ ഇരിക്കുകയായിരുന്ന മകന്റെ അടുത്ത് ചെന്ന് ആദ്യം എന്തിനാണ് കളവ് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ കളവ് പറഞ്ഞിട്ടില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. ഇത് കേട്ട് ക്ഷുഭിതനായ ഇയാള്‍ മൊബൈല്‍ ചാര്‍ജ്ജറിന്റെ വയര്‍ ഉപയോഗിച്ചും പിന്നീട് ബെല്‍റ്റ് ഉപയോഗിച്ചും മര്‍ദ്ദനം തുടരുകയായിരുന്നു.

https://youtu.be/6QhmcVIPwpw

 

Related posts