പ്രണയ നൈരാശ്യം മൂത്ത് രാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടി ആഴമുള്ള കിണറ്റിലിറങ്ങുന്ന കാമുകനെ തഴയാന്‍ എങ്ങനെ കാമുകിയ്ക്കു കഴിയും. പ്രണയ നൈരാശ്യം മൂത്ത യുവാവ് കിണറ്റിലിറങ്ങിയപ്പോള്‍ പണികിട്ടിയതാവട്ടെ ഫയര്‍ഫോഴ്‌സിനും. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തെ പ്രണയദിനത്തില്‍ ഓര്‍ത്തെടുക്കുകയാണ് ഫയര്‍ഫോഴ്‌സ്.
സംഭവത്തെക്കുറിച്ച് ഫയര്‍ഫോഴ്‌സ് പറയുന്നതിങ്ങനെ…അര്‍ധരാത്രി ക്ലൈമാക്‌സ് പ്രണയ നൈരാശ്യം നിമിത്തം രാത്രിയില്‍ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി.
കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അര്‍ധരാത്രിയോടടുത്ത് യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. കഴിഞ്ഞ ജൂലൈയിലെ ഒരു ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കിണറില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല.
ഒടുവില്‍ ഫയര്‍മാന്‍ മോഹനന്‍ കിണറ്റില്‍ ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില്‍ കയറ്റി കരയ്‌ക്കെത്തിച്ചു. മോഹനനെ കൂടാതെ സ്റ്റേഷന്‍ ഓഫീസര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ അനില്‍കുമാര്‍, ഫയര്‍മാന്‍മാരായ സജിന്‍ ജോസ്, രതീഷ്, ഡ്രൈവര്‍ രാജശേഖരന്‍, ഹോം ഗാര്‍ഡ് ശശി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റ യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. കോവളം പൊലീസും സ്ഥലത്തെത്തി. എന്തായാലും പ്രണയദിനത്തില്‍ ഫയര്‍ഫോഴ്‌സിന്റെ മനസ്സില്‍ ആദ്യം എത്തിയത് ഈ സംഭവമാണ്.