മലയാളികള്‍ നിരവധി കാമുകന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ മണ്ടത്തരം പറ്റിയ കാമുകനെ കണ്ടുകാണാന്‍ വഴിയില്ല. കടുത്തുരുത്തിക്കടുത്ത് ഞീഴൂരിലാണ് സംഭവം. നഗരത്തിലെ കോളജില്‍ പഠിക്കുന്ന കാമുകിയെ കാണാനായി രാത്രി പുറപ്പെട്ടതാണ് കാമുകന്. തനിച്ചു പോകാന്‍ പേടിയുള്ളതിനാല്‍ ഒപ്പം ധൈര്യശാലികളായ രണ്ടു കൂട്ടുകാരെയും കൂട്ടി. അവരുടെ യാത്ര അവസാനിച്ചത് പക്ഷേ പോലീസ് സ്റ്റേഷനിലാണെന്നുമാത്രം. അക്കഥ ഇങ്ങനെ…
പലര്‍ക്കും അറിയാവുന്നരായതിനാല് കഥനായകന്റെയും നായികയുടെയും പേര് തല്ക്കാലം പറയുന്നില്ല. രാത്രി കൂട്ടുകാര്‍ക്കൊപ്പം അല്പം മദ്യം സേവിച്ചിരിക്കുമ്പോഴാണ് യുവാവിന് കാമുകിയെ കാണണമെന്ന് തോന്നിയത്. കാമുകിയോട് പറഞ്ഞപ്പോള്‍ യെസ് മൂളി. വഴിയും പറഞ്ഞുകൊടുത്തു. ആദ്യം തനിയെ പോകാനാണ് കാമുകന് പദ്ധതിയിട്ടത്. എന്നാല്‍ കൂട്ടുകാര്‍ തടഞ്ഞു. ഒറ്റയ്ക്കു പോകുന്നത് റിസ്കാണ്. അതോടെ കാറില്‍ രണ്ടു കൂട്ടുകാര്‍ക്കൊപ്പം കാമുകന് യാത്രയായി. പാഴുത്തുരുത്തിയിലെത്തിയതോടെ വഴിതെറ്റി. പെണ്‍കുട്ടി പറഞ്ഞു നല്‍കിയിരുന്ന വഴി തെറ്റി യുവാക്കള്‍ ഊടുവഴിയിലൂടെ കാര്‍ ഓടിച്ച് റബര്‍ തോട്ടത്തിനു നടുവിലെത്തി. പിന്നീട് എങ്ങോട്ടു പോകണമെന്നറിയാതെ ഇവര്‍ കാറിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു.
നേരം വെളുക്കാറായപ്പോള്‍ റബര്‍ ടാപ്പിംഗിനായി പോയവരാണ് ഒരു കാറും അതില്‍ മൂന്നു ചെറുപ്പക്കാരെയും കണ്ടത്. കള്ളന്മാരുടെ ശല്യമുള്ളതിനാല്‍ നാട്ടുകാര്‍ പെട്ടെന്ന് സംഘടിച്ചു. ഈ സമയമൊക്കെ യുവാക്കള്‍ കാറില്‍ നല്ല ഉറക്കത്തിലാണ്. നാട്ടുകാര്‍ ഇവരെ വിളിച്ചേല്പിച്ചപ്പോള് ഇവര്‍ പരസ്പര വിരുദ്ധമായി മറുപടിയാണ് നല്‍കിയത്. ഇതോടെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ കാണാന്‍ എത്തിയതാണന്നും വഴി തെറ്റി റബര്‍ തോട്ടത്തില്‍ അകപ്പെട്ടതാണന്ന് യുവാവും സംഘവും പറഞ്ഞത്. എന്തായാലും കാര്യമായ കേസൊന്നും എടുക്കാതെ കാമുകനെയും കൂട്ടരെയും പോലീസ് വെറുതെവിട്ടു. ഇപ്പോള്‍ കാമുകിയുടെ പേര് നാട്ടില്‍ മുഴുവന്‍ പാട്ടായെന്നാണ് വിവരം.