നെടുങ്കണ്ടം: വീടുവിട്ടിറങ്ങിയ 16 വയസുകാരനെ നെടുങ്കണ്ടം കിഴക്കേകവലയിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
ഉപ്പുതറയിലെ വീട്ടിൽനിന്നും മാതാപിതാക്കളോട് പിണങ്ങി ഇറങ്ങിയ പതിനാറുകാരൻ രാത്രി എട്ടോടെ നെടുങ്കണ്ടം കിഴക്കേകവല ഓട്ടോസ്റ്റാൻഡിൽ എത്തുകയായിരുന്നു.
തനിച്ചെത്തിയ കുട്ടി ഓട്ടോറിക്ഷ ഡ്രൈവർമാരോട് കൂട്ടുകാരനെ വിളിക്കാനെന്നുപറഞ്ഞ് ഫോണ് ആവശ്യപ്പെട്ടു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്റ്റാൻഡിലെ ഡ്രൈവർമാരായ സന്തോഷ്, താജുദീൻ, വിനോദ്, വിശാഖ് എന്നിവർ കുട്ടിയോട് കാര്യങ്ങൾ വിശദമായി തിരക്കിയതോടെയാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസിലായത്.
ഉടൻതന്നെ കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ഡ്രൈവർമാർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നെടുങ്കണ്ടം പോലീസ് ഉപ്പുതറ പോലീസുമായി ബന്ധപ്പെടുകയും വിവരങ്ങൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി കുട്ടിയെ കൊണ്ടുപോവുകയും ചെയ്തു.
ജാഗ്രതയോടെ പ്രവർത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവർമാരെ നെടുങ്കണ്ടം എസ്ഐ അഭിനന്ദിച്ചു.