കോഴിക്കോട്: പാതിരാത്രിയിൽ കുട്ടികൾ രക്ഷിതാക്കൾ അറിയാതെ വീടിനു പുറത്തുപോകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. ബീച്ചിലും നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലും കറങ്ങുന്ന കുട്ടികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കിയതായി ടൗണ്‍ സിഐ എ. ഉമേഷ് പറഞ്ഞു. വീടുവിട്ടറങ്ങുന്ന വിദ്യാര്‍ഥികളെ നേര്‍വഴിയിലെത്തിക്കാന്‍ രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള പദ്ധതിയും പോലീസ് നടപ്പാക്കും.
“നിങ്ങളുടെ വീട്ടില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ’ എന്ന സന്ദേശത്തോടെയാണ് പോലീസ് രക്ഷിതാക്കള്ക്കിടയിലേക്കിറങ്ങുന്നത്. ബൈക്കില്‍ കറങ്ങാനും, ലഹരി ഉപയോഗത്തിനുമായാണ് പല കുട്ടികളും രക്ഷിതാക്കള്‍ പോലും അറിയാതെ രാത്രി നഗരത്തിലേക്കിറങ്ങുന്നതെന്ന് സിഐ പറഞ്ഞു. ഒന്നരമാസത്തിനിടെ 34 കുട്ടികളെയാണ് പോലീസ് പിടികൂടിയത്. രക്ഷിതാക്കളോട് കിടന്നുറങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞാണ് കുട്ടികള്‍ വാതിലടയ്ക്കുന്നത്.
രക്ഷിതാക്കള്‍ ഉറങ്ങിയെന്നുറപ്പാക്കിയ ശേഷം ബൈക്കിന്റെ താക്കോലുമായി വാതില്‍ തുറന്ന് പുറത്തിറങ്ങും. ബൈക്ക് വീട്ടില്‍ നിന്ന് സ്റ്റാര്‍ട്ടാക്കാതെ അല്പദൂരം മാറി സ്റ്റാര്ട്ടാക്കിയശേഷമാണ് പോവുന്നത്. പലരക്ഷിതാക്കളും കുട്ടികള്‍ ഇപ്രകാരം പുറത്തുപോവുന്നുണ്ടെന്ന് പോലീസ് വിളിച്ചറിയച്ചിട്ടും വിശ്വസിക്കാന്‍ പോലും തയാറാവുന്നില്ലെന്ന് സിഐ പറഞ്ഞു.
പോലീസ് പിടികൂടിയതിന്റെ വീഡിയോ ദൃശ്യം കാണിച്ച ശേഷമാണ് ഒരു രക്ഷിതാവ് ഇക്കാര്യം വിശ്വസിച്ചത്. സുഹൃത്തുകളുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് പുറത്തിറിങ്ങുന്ന കുട്ടികളും ഇത്തരത്തില്‍ ബീച്ചിലും മറ്റും കറങ്ങാറുണ്ട്. കുട്ടികളെ ബോധവത്കരിക്കുന്നതോടൊപ്പം രക്ഷിതാക്കളേയും ബോധവത്കരിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തടയനാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
വരും ദിവസങ്ങളിലും ബീച്ചിലും പരിസരപ്രദേശങ്ങളിലും രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തും. ബൈക്കുമായി അസമയത്ത് ബീച്ചിലെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആദ്യഘട്ടത്തില്‍ താക്കീത് നല്‍കും. പിന്നീടും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ കുട്ടികള്‍ക്കെതിരേ ജുവൈനല്‍ ആക്ട് പ്രകാരവും രക്ഷിതാക്കള്‍ക്കെതിരേ മറ്റു നിയമനടപടികളും സ്വീകരിക്കാനാണ് പോലീസ് ആലോചിക്കുന്നത്.
അതേസമയം രാത്രിയില്‍ വീടിന്റെ വാതില്‍ തുറന്ന് കുട്ടികള്‍ പുറത്തിറങ്ങുന്നത് മോഷ്ടാക്കള്‍ക്കും സഹായമാവുന്നുണ്ട്. വാതിലടയ്ക്കാതെയാണ് പലരും പുറത്തിറങ്ങുന്നത്. ഇതോടെ മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ വീട്ടിനുള്ളില്‍ കയറി മോഷണം നടത്താന്‍ സാധിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.