വണ്ണപ്പുറം: രണ്ട് ആണ്‍കുട്ടികളെ കാണാതായത് വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിലാക്കി.
തിങ്കളാഴ്ച രാത്രി കാണാതായ കുട്ടികൾക്കായി പോലീസും നാട്ടുകാരും ചേർന്ന് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഇവരെ കണ്ടെത്തിയതോടെയാണ് ഒരുദിവസം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്.
വണ്ണപ്പുറം ടൗണിനു സമീപത്തുള്ള വീട്ടിലുണ്ടായിരുന്ന ഇവരെ പിന്നീട് കാണാതാകുകയായിരുന്നു.
വൈകുന്നേരം അയൽവാസിയുടെ പുരയിടത്തിലെ റംബുട്ടാൻ മരത്തിൽനിന്ന് പഴം കല്ലെറിഞ്ഞു വീഴ്ത്താൻ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് വീട്ടുടമസ്ഥൻ പുറത്തിറങ്ങുന്നതുകണ്ട് ഇവർ തൊട്ടടുത്തുള്ള ചെടികൾക്കിടയിൽ ഒളിച്ചു.
കുട്ടികളെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചു.
പോലീസിനെ കണ്ടു ഭയന്ന ഇവർ തൊട്ടടുത്തുള്ള വീടിന്റെ ടെറസിൽ കയറുകയും അവിടെയിരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു.
കുട്ടികളെ കാണാത്തതിനെത്തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താൻ കഴിഞ്ഞില്ല.
കാളിയാർ എച്ച്എസ്ഒ എച്ച്.എൽ. ഹണി, എസ്ഐ കെ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തിൽ പോലീസും അന്വേഷണത്തിന് നേതൃത്വം നൽകി.
ഇന്നലെ രാവിലെ ഉറക്കമുണർന്ന കുട്ടികൾ വീട്ടിൽ തിരിച്ചെത്തിയതോടെ ഒരു രാത്രി നീണ്ടുനിന്ന പരിഭ്രാന്തിക്ക് പരിസമാപ്തിയായി.