നവാസ് മേത്തർ
തലശേരി: ഒരു വർഷം കൂടി കാലാവധി ബാക്കിനിൽക്കെ അഡ്വ.ബി.പി. ശശീന്ദ്രൻ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പദവി ഒഴിയുന്നു.
പദവി ഒഴിയുന്നത് സംബന്ധിച്ച കത്ത് നിയമ വകുപ്പ് സെക്രട്ടറിക്ക് ശശീന്ദ്രൻ നൽകി കഴിഞ്ഞു.
2022 നവംബർ 14 വരെയാണ് ശശീന്ദ്രന്റെ കാലാവധി. തലശേരി കേന്ദ്രീകരിച്ച് പ്രാക്ടീസ് തുടങ്ങാനാണ് ശശീന്ദ്രൻ തീരുമാനിച്ചിട്ടുളളത്.
ഗവ.പ്ലീഡർ പോസ്റ്റിൽ നിയമനം തേടി ഇടത് അഭിഭാഷക സംഘടനയില പ്രമുഖൻ രംഗത്തുണ്ട്. ലോയേഴ്സ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ ആറ് പേരാണ് അണിയറയിൽ കരുക്കൾ നീക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ സംഭവസ്ഥലം സന്ദർശിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചും നവീന രീതിയിൽ കേസുകൾ നടത്തിയും പുതിയ മാതൃക സൃഷ്ടിച്ച ശേഷമാണ് ബി.പി.ശശീന്ദ്രൻ പടിയിറങ്ങുന്നത്.
രാഷ്ട്രീയ കൊലപാതക കേസുകളിൽ പോലും വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ബി.പി.ശശീന്ദ്രൻ ശ്രമിച്ചിട്ടുണ്ട്.
കുണ്ടാഞ്ചേരി നളിനി വധം, അഷറഫ് വധം, ദിലീപ് വധം, സുരേന്ദ്രൻ വധം തുടങ്ങി ഒരു ഡസൻ കേസുകളിലാണ് ശശീന്ദ്രന്റെ കാലഘട്ടത്തിൽ ജീവപര്യന്തം ശിക്ഷ വാങ്ങി കൊടുത്തിട്ടുള്ളത്.
മയ്യിലിൽ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ തൊട്ടിയിലും കയറിലും തെളിവു കണ്ടെത്തി പ്രതിക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ ലഭിച്ചത്.
ചെറുപുഴയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ് പത്ത് ലക്ഷം രൂപ നൽകി ഒതുക്കിയിരുന്നു.
ഈ കേസിൽ വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിലൂടെ ഒത്ത് തീർപ്പ് പൊളിക്കുകയും അധ്യാപകനായ പ്രതിക്ക് പത്ത് വർഷം കഠിന തടവ് വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു.
വിവാദമായ പാലത്തായി പീഡനക്കേസിൽ പ്രതിക്കെതിരെ പോക്സോ ചുമത്താൻ വഴിയൊരുങ്ങിയതും ശശീന്ദ്രന്റെ ഇടപെടലിനെ തുടർന്നാണ്.
തലശേരി ബാറിലെ അഭിഭാഷകനായ വൽസരാജകുറുപ്പ് വധക്കേസിൽ സാക്ഷിയായ വൽസരാജ കുറുപ്പിന്റെ ഭാര്യയെ കർണാടകയിൽ നിന്നും കോടതിക്ക് മുന്നിൽ എത്തിക്കാൻ രണ്ട് സംസ്ഥാന സർക്കാറുകളുടെ സഹായത്തേടെ കഠിന പ്രയത്നമാണ് പ്രോസിക്യൂഷൻ നടത്തിയത്.