കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരള യാത്രയില്‍ വിഭാഗീയത മാറ്റിനിര്‍ത്തി ഒറ്റക്കെട്ടായി പങ്കെടുക്കാനൊരുങ്ങി നേതാക്കള്‍. സംസ്ഥാന നേതൃത്വവുമായി മുതിര്‍ന്ന നേതാക്കള്‍ക്കുള്ള അഭിപ്രായ വ്യത്യാസത്തിന് അയയവു വന്നില്ലെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന യാത്രയില്‍ നിന്ന് വിട്ടുനില്ക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം.
യാത്രയിലെ അസാന്നിധ്യം സീറ്റ് നിര്‍ണയത്തിലുള്‍പ്പെടെ പ്രതിഫലിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് നേതാക്കളെല്ലാം രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.
കൂടാതെ നിര്‍ണായകമായ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന യാത്രയില്‍ സഹകരിക്കാതിരിക്കുന്ന നേതാക്കള്‍ക്കെതിരേ ദേശീയ നേതൃത്വം നടപടി സ്വീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാസുരേന്ദ്രനുള്പ്പെടെയുള്ള ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് മുന്നില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്തിരുന്നു.
വിട്ടു നിന്നവര്‍ക്കെല്ലാം കേന്ദ്രം താക്കീതും നല്‍കിയിരുന്നു. കേരളയാത്രയുടെ ചുമതല ജനറല്‍ സെക്രട്ടറി എം.ടി.രമേശിനാണുള്ളത്.
പല കാര്യങ്ങളിലും സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന രമേശിന് തന്നെ ചുമതല നല്കിയതും പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന സന്ദേശം അണികളിലെത്തിക്കുന്നതിനാണ്
. പി.രഘുനാഥിനാണ് പബ്ലിസിറ്റിയുടെ ചുമതല. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നതാണ് ബിജെപി യാത്രയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. വിജയ യാത്ര കടന്നു പോകുന്ന നൂറ് കേന്ദ്രങ്ങളില്‍ വലിയ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കും.