സ്ത്രീകള്ക്ക് പാന്റ് ധരിക്കാമെങ്കില് പുരുഷന്മാര്ക്ക് സാരിയും പാവാടയും ധരിച്ചുകൂടെ…ജെന്ഡര് ഇക്വാലിറ്റി സംബന്ധിച്ച ചര്ച്ചകള് അടുത്തിടെ കേരളത്തില് സജീവമായപ്പോള് ഉയര്ന്ന ചോദ്യമാണിത്.
കേരളത്തില് ഒരു പുരുഷനും പാവാടയും ബ്ലൗസുമൊന്നും ധരിച്ചില്ലെങ്കിലും അങ്ങ് ഹോളിവുഡില് ‘പാവാട’ ധരിച്ചെത്തിയിരിക്കുകയാണ് സൂപ്പര്താരം ബ്രാഡ്പിറ്റ്.
പുതിയ ചിത്രം ബുള്ളറ്റ് ട്രെയിനിന്റെ പ്രചരാണാര്ഥമാണ് ബ്രാഡ്പിറ്റിന്റെ ഈ ‘കടുംകൈ’.
രണ്ടാഴ്ച്ച മുമ്പ് ബെര്ലിനിലാണ് ആക്ഷന് അഡ്വഞ്ചര് ചിത്രമായ ബുള്ളറ്റ് ട്രെയിനിന്റെ പ്രീമിയര് നടന്നത്.
ഹോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുത്ത പ്രീമിയറില് മുട്ടറ്റമുള്ള പാവാടയും ലൂസ്ഫിറ്റ് ലിനന് ഷര്ട്ടും ജാക്കറ്റും ബൂട്ട്സും ധരിച്ചുള്ള ബ്രാഡ് പിറ്റിന്റെ ചിത്രങ്ങള് സോഷ്യല്മീഡിയയില് വൈറലായിരുന്നു.
പല കോണുകളില് നിന്ന് പല അഭിപ്രായങ്ങള് ഉയര്ന്നെങ്കിലും ബ്രാഡ് പിറ്റ് മാത്രം തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.
പക്ഷേ, ലോസ് ഏഞ്ചല്സില് നടന്ന പ്രീമിയറില് മറ്റൊരു സ്റ്റൈലില് എത്തിയ താരത്തിനോട് മീഡിയയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് സിനിമയെ കുറിച്ചല്ലായിരുന്നു, എന്തുകൊണ്ട് അന്ന് പാവാട ധരിച്ചു വന്നു? ഒടുവില് താരം തന്നെ അതിന് മറുപടിയും നല്കി.
നിയോണ് ഗ്രീന് സ്യൂട്ടാണ് ലോസ് ഏഞ്ചല്സിലെ പ്രീമിയറിന് ബ്രാഡ് പിറ്റ് ധരിച്ചത്. വെറൈറ്റിക്ക് നല്കിയ അഭിമുഖത്തിലാണ് പാവാടയെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്കിയത്.
ലളിതമായിരുന്നു ബ്രാഡ് പിറ്റിന്റെ മറുപടി. ‘എനിക്കറിയില്ല, എല്ലാവരും ഒരു ദിവസം മരിക്കും, അതുകൊണ്ട് ഇങ്ങനെയക്കെയങ്ങ് ചെയ്യാം’. തോളുകുലുക്കി ചിരിച്ചു കൊണ്ട് ബ്രാഡ് പിറ്റിന്റെ മറുപടി ഇതായിരുന്നു.
ജാപ്പനീസ് നോവല് ‘മരിയ ബീറ്റില്’ നെ ആസ്പദമാക്കിയാണ് സംവിധായകന് ഡേവിഡ് ലീച്ച് ബുള്ളറ്റ് ട്രെയിന് ഒരുക്കിയിരിക്കുന്നത്. ബ്രാഡ് പിറ്റിന് പുറമേ, സാന്ദ്ര ബുള്ളോക്ക്, ജോയി കിംഗ്, ആരോണ് ടെയ്ലര്-ജോണ്സണ്, ബ്രയാന് ടൈറി ഹെന്റി, ആന്ഡ്രൂ കോജി, ഹിരോയുക്കി സനദ, മൈക്കല് ഷാനന്, ബെനിറ്റോ എ മാര്ട്ടിനെസ് എന്നീ താരങ്ങളും ചിത്രത്തില് വേഷമിടുന്നുണ്ട്.
ഓഗസ്റ്റ് നാലിനാണ് ചിത്രം ആഗോള തലത്തില് റിലീസ് ചെയ്തത്. ടോക്കിയോയില് നിന്ന് ക്യോട്ടോയിലേക്കുള്ള ബുള്ളറ്റ് ട്രെയിനിലെ അഞ്ച് വ്യത്യസ്ത കൊലയാളികളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്.
തങ്ങളുടെ ദൗത്യങ്ങള് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും വലിയ അപകടം കാത്തിരിക്കുന്നുണ്ടെന്നും അഞ്ച് പേരും തിരിച്ചറിയുന്നതും തുടര്ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.