കൂ രോപ്പട: ചേതനയറ്റ പാപ്പാന്റെ മൃതദേഹത്തിനു മുന്നിലെത്തി പല്ലാട്ട് ബ്രഹ്മദത്തൻ തുന്പിക്കൈ ഉയർത്തി പ്രണാമമർപ്പിച്ചപ്പോൾ കൂടിനിന്ന ബന്ധുക്കളും നാട്ടുകാരും ഒരു നിമിഷം നിശബ്ദരായി.
ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂർ കുന്നക്കാട്ട് ഓമനച്ചേട്ടൻ (ദാമോദരൻ നായർ-74) ഇന്നലെ രാവിലെയാണ് അർബുദരോഗത്തെത്തുടർന്നു മരണമടഞ്ഞത്.
തുടർന്നാണ് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും മേലന്പാറയിൽനിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിച്ചത്.
ആ വലിയ ശരീരത്തിനുള്ളിലെ ഹൃദയവും തന്റെ പ്രിയപ്പെട്ടവനെയോർത്തു വിങ്ങി. ഓമനച്ചേട്ടന്റെ മകൻ രാജേഷ് ആനയുടെ തുന്പിക്കൈയിൽ പിടിച്ചു കരഞ്ഞപ്പോൾ ആനയുടെ കണ്ണുകളും നിറഞ്ഞു തുളുന്പി.
ആറു പതിറ്റാണ്ടായി ഓമനച്ചേട്ടൻ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. ഒരിക്കൽപോലും അനുസരണക്കേട് കാണിച്ച ആനകളെപ്പോലും ഓമനച്ചേട്ടൻ മർദിച്ചിട്ടില്ല.
ബ്രഹ്മദത്തൻ പുതുപ്പള്ളിയിൽ ആയിരുന്നപ്പോഴും ഇപ്പോൾ ഈരാറ്റുപേട്ട മേലന്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ മുപ്പതു വർഷമായി പാപ്പാൻ ഓമനച്ചേട്ടനായിരുന്നു.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു. ഇത്തവണത്തെ തൃശൂർ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും എത്തിയിരുന്നു.
അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. പത്തു മിനിറ്റ് ആന മൃതദേഹത്തിനു മുന്പിൽനിന്നതിനുശേഷം മടങ്ങി. തുടർന്നു സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി.