കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഉപകരാറിൽ കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ വാദം പൊളിക്കുന്ന രേഖകൾ പുറത്ത്. സോണ്ട ഉപകരാർ നൽകിയതിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ വേണുഗോപാലിന്റെ മകൻ വി. വിഘ്നേഷാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഒരു വാർത്താ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന കന്പനിക്കു വേണ്ടിയാണ് വി. വിഘ്നേഷ് ഒപ്പിട്ടിരിക്കുന്നതെന്നാണ് ഇതിൽ പറയുന്നത്.
വേണുഗോപാലിന്റെ അടുത്ത ബന്ധുവിന് കന്പനിയുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. 2021 നവംബറിലാണ് സോണ്ട ഇൻഫ്രാടെക്ക് ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന സ്ഥാപനത്തിന് ഉപകരാർ നൽകിയത്.
ഈ സ്ഥാപനത്തിനു ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപക്കാണ് ഉപകരാർ നൽകിയത്.
കന്പനി എംഡി മകന്റെ സുഹൃത്ത്,മറ്റ് ബന്ധമില്ല: വേണുഗോപാൽ
കൊച്ചി: ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് വേണുഗോപാൽ പറഞ്ഞു.
ആരുഷ് മീനാക്ഷി എൻവയറോ കെയർ കന്പനിയുടെ എംഡി വെങ്കിട് മകന്റെ സുഹൃത്താണെന്നും വർഷങ്ങളായി ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
കരാറിൽ മകൻ ഒപ്പ് വെച്ചിട്ടുണ്ടോ എന്ന കാര്യവും അറിയില്ലെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു. വെങ്കിടിന്റെ അച്ഛനുമായി തനിക്കും പരിചയമുണ്ട്.
എന്നാൽ കന്പനിയുമായി ബന്ധമില്ലെന്ന് വേണുഗോപാൽ ആവർത്തിച്ചു. നേരത്തെ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത കന്പനിയായ ജിജെ എക്കോ പവറിനായി മുൻ യുഡിഎഫ് കൗണ്‍സിൽ അടക്കം 12 വർഷമായി മാലിന്യം ശേഖരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അക്കാലത്തെ ഭരണസമിതി ഇതിന് മറുപടി പറയണമെന്നും വേണുഗോപാൽ ആരോപിക്കുന്നു.