കാക്കനാട്: മണിക്കൂറുകള്‍ പിന്നിട്ടിട്ടും ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ തീ പൂര്‍ണമായി അണയ്ക്കാനായില്ല. ഇന്നു രാവിലെയും പ്രദേശത്തുനിന്ന് പുക ഉയര്‍ന്നതായി നാട്ടുകാര്‍ ആരോപിച്ചു.
വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളിലും ഇന്നു പുലര്‍ച്ചെ നേരിയ തോതില്‍ പുക നിറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. ഇത് പിന്നീട് ഇല്ലാതായെങ്കിലും പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദുരത്തിലാണ്.
തീ പൂര്‍ണമായും അണയ്ക്കാനാകാത്തതിനാല്‍ ഏതാനും അഗ്നിശമനസേനാ യൂണീറ്റുകള്‍ സ്ഥലത്ത് തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
തൃക്കാക്കരയില്‍നിന്നുള്ള മൂന്നും തൃപ്പൂണിത്തുറ, പട്ടിമറ്റം, ഗാന്ധിനഗര്‍, ക്ലബ് റോഡ് തുടങ്ങിയ അഞ്ചു സ്റ്റേഷനുകളില്‍നിന്നായി എട്ടോളം അഗ്നിശമനസേനാ യൂണിറ്റുകളും ജീവനക്കാരുമാണ് ഇന്നലെ സ്ഥലത്ത് എത്തി തീ അണയ്ക്കലിന് നേതൃത്വം നല്കിവന്നിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയുണ്ടായ തീപിടിത്തമാണ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ണമായി അണയ്ക്കാന്‍ സാധിക്കാത്തത്. പത്തേക്കറോളം വരുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
കരിമുകള്‍, ഈച്ചിറ, രാജഗിരിവാലി, തൃക്കാക്കര എന്നീ പ്രദേശങ്ങളില്‍ ദുര്‍ഗന്ധത്തോടെയുള്ള പുക ശ്വസിക്കുന്നതുമൂലം ഇന്നലെ ജനങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
സമീപവാസികള്‍ വീടിനുള്ളില്‍തന്നെ കഴിയാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് അധികൃതരും ആവശ്യപ്പെട്ടിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് പുകപടലങ്ങള്‍ സമീപമാകെ പടര്‍ന്നതാണ് പരിസരവാസികള്‍ക്ക് ദുരിതമായത്.
പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തില്‍നിന്നു തീ പടരുന്നത് പ്ലാന്റിലെ തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
രണ്ടു ദിവസം മുമ്പും ഇത്തരത്തില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. ആറു മാസം മുമ്പുണ്ടായ തീപിടിത്തം ഒരാഴ്ചയോളം നീണ്ടുനിന്നു. അന്നു ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ചില ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
മലപോലെ കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലൂടെ ഫയര്‍ യൂണിറ്റുകള്‍ക്കും മറ്റു സുരക്ഷാവാഹനങ്ങള്ക്കും കടന്നുപോകുന്നതിന് വഴിയൊരുക്കാമെന്നും തൊട്ടടുത്തുള്ള പുഴയില്‍നിന്ന് ഫയര്‍ യുണിറ്റുകള്‍ക്കും മറ്റും തീ അണയ്ക്കുന്നതിന് ഇടവിട്ട് പമ്പ് സെറ്റുകള്‍ സജ്ജീകരിക്കാമെന്നും തീപിടിത്തം മനുഷ്യനിര്‍മിതമാണോയെന്നു തിരിച്ചറിയുന്നതിന് സിസിടിവി കാമറകള്‍ സ്ഥാപിക്കാമെന്നും തീരുമാനിച്ചിരുന്നു. ഒന്നും നടപ്പായില്ല.