കൊച്ചി: 12 ദിവസത്തെ കഠിന പ്രയത്നത്തിനൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി അണച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് 100 ശതമാനവും പുകയും അണയ്ക്കാനായതെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു.
സ്മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും.
ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനാംഗങ്ങള്‍ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കാനാകും.
ആരോഗ്യ സര്‍വേ ഇന്നു മുതല്‍
പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ ഇന്നു മുതല്‍ ആരോഗ്യ സര്‍വേ നടത്തും. ഇതിനായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ഓരോ വീടുകളിലും കയറി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും.
ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ മെഡിക്കല്‍ സ്പെഷ്യാലിറ്റി റെസ്പോണ്‍സ് സെന്റര്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ദ ചികിത്സ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും.
എക്സ്റേ, അള്‍ട്രാസൗണ്ട് സ്കാനിംഗ്, എക്കോ, കാഴ്ച പരിശോധന എന്നീ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.