കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ ഇന്ന് സർക്കാരിനു സമർപ്പിക്കും.
സംസ്ഥാന പോലീസ് മേധാവി മുഖേന ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ജീവനക്കാർ ഉൾപ്പെടെയുള്ള 50 ഓളം പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
13 ദിവസത്തെ ഇടവേളയ്ക്കിടെ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഇന്നലെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് ജില്ലാഭരണകൂടം.
ബ്രഹ്മപുരത്ത് തീ ഉയർന്നത് നിയന്ത്രണ വിധേയമാക്കിയെന്നും ആശങ്ക വേണ്ടെന്നും എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. സെക്ടർ ഏഴിലെ മാലിന്യക്കൂന്പാരത്തിനാണ് തീപിടിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ തീ ഉയരുന്നത് ഫയർ വാച്ചർമാരുടെ ശ്രദ്ധയിൽപ്പെടുകയും അഗ്നിരക്ഷാ സേനയെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിക്കുകയുമായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി എത്തി രാത്രി വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് വ്യാപകമായി പുക ഉയർന്നിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മാർച്ച് രണ്ടിനുണ്ടായ അഗ്നിബാധ 12 ദിവസത്തിന് ശേഷം അണച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഇടയ്ക്കിടെ ഇവിടെ തീ ഉയരുന്നുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
മാലിന്യം ഇളക്കിയുള്ള വെള്ളം തളിക്കൽ നിർത്തി വച്ചതിനിടെയാണ് ഇന്നലെയും തീ പിടിത്തം ഉണ്ടായത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്.