തിരുവനന്തപുരം: ബ്രഹ്മപുരം വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ബ്രഹ്മപുരത്ത് വിഷവാതകം പടർന്നത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തുനിന്നു ടി.ജെ. വിനോദാണ് വിഷയം സഭയിൽ ഉന്നയിച്ചത്. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമാണ് ബ്രഹ്മപുരത്ത് സംഭവിച്ചതെന്ന് വിനോദ് സഭയിൽ പറഞ്ഞു.
തീപിടിത്തം ചെറുക്കാനെത്തിയ ഫയർഫോഴ്സിന് വെള്ളമെടുക്കാൻ വേണ്ടി ക്യു നിൽക്കേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ ഭരണകൂടം പറയുന്നത് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നാണ്. കോവിഡ് കാലത്ത് പോലും മാസ്ക് ധരിച്ച് ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നു.
ബ്രഹ്മപുരം വിഷയത്തിൽ മാധ്യമങ്ങളാണ് പ്രശ്നങ്ങൾ ഉണ്ട ാക്കുന്നതെന്ന് ആരോപിച്ച് തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു.
മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുകയാണ്. ചില മാധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ട ാക്കാൻ ശ്രമിക്കുന്നു.
ഡൽഹിയിലേക്കാൾ മെച്ചപ്പെട്ട വായു ആണ് കൊച്ചിയിലേതെന്നും മന്ത്രി പറഞ്ഞു. മാലിന്യ കൂന്പാരത്തിന് തീ പിടിച്ചത് ലോകത്തിലെ ആദ്യ സംഭവമല്ല.
ലോകത്തെല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്. എന്നാൽ ബ്രഹ്മപുരത്തെ തീപിടിത്തം ലോകത്തിലെ ആദ്യം സംഭവമെന്ന രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്.
ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും അവിടെ സർക്കാർ നടപ്പിലാക്കിയെന്നും മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു. കൊച്ചിയിലെ വായു ഗുണനിലവാരമുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജും മറുപടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശാനുസരണം മൂന്ന് മന്ത്രിമാർ കൊച്ചിയിലെത്തി വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയെന്നും വീണ ജോർജ് മറുപടി പറഞ്ഞു.