ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണപ്ലാന്റിലെ തീപിടിത്തം ഗുരുതരമായ പ്രത്യാഘാതങ്ങള്ക്ക് വഴിവെച്ചേക്കുമെന്ന് സൂചന.
രാസബാഷ്പ കണികാമാലിന്യം (പിഎം 2.5) തുടര്ച്ചയായി ശ്വസിക്കുന്നത് പുരുഷന്മാര്ക്കും സ്ത്രീകള്ക്കും താല്ക്കാലിക വന്ധ്യതയുണ്ടാക്കുമെന്ന പഠന റിപ്പോര്ട്ടാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ഇപ്പോള് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളില് വായുമലിനീകരണ ഭീഷണി വിലയിരുത്തിയ ഇന്ത്യന് വൈദ്യശാസ്ത്ര ഗവേഷകരായ ഡോ. വൈദ്യനാഥന് സെല്വരാജു, ഡോ.ശാരദ ഭാസ്കരന്, ഡോ.അശോക് അഗര്വാള് എന്നിവര് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണീ റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുന്നത്.
രാസബാഷ്പ കണികാമാലിന്യത്തിന്റെ (പിഎം 2.5) അളവ് ഒരു ദിവസത്തെ ശരാശരി കണക്കിലെടുക്കുമ്പോള് 50 പോയിന്റില് കുറവായിരിക്കണം.
അതേസമയം എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും ശരാശരി നൂറിനും നൂറ്റിയന്പതിനും ഇടയിലാണു ശരാശരിയെന്നത് കാര്യങ്ങള് ഗുരുതരമാക്കുന്നു.
രാത്രി കൊച്ചി നഗരത്തിനും ചുറ്റുവട്ടത്തും ഇതിന്റെ അളവ് പലദിവസങ്ങളിലും 300 കടക്കുന്നുണ്ട്. തുടര്ച്ചയായി പിഎം 2.5 രാസമാലിന്യം വായുവിലൂടെ ശ്വാസകോശത്തിലെത്തുന്നത് പുരുഷന്മാരുടെ ബീജത്തിന്റെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കും.
സ്ത്രീകളില് രണ്ടു മാസം തികയും മുന്പ് ഗര്ഭം അലസുന്നതിനും രാസമാലിന്യം കാരണമാവും. ഈ സാഹചര്യം മറികടന്നു മാസം തികയാതെ ജനിക്കുന്ന കുട്ടികളില് ആജീവനാന്ത ആരോഗ്യപ്രശ്നങ്ങള്ക്കും രാസമാലിന്യം ഇടയാക്കുമെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോര്ട്ടില് പറയുന്നു.