കോഴിക്കോട്: ബ്രഹ്മപുരത്തെ വിഷപ്പുക വിഷയം ആളിക്കത്തിക്കാന് പ്രതിപക്ഷം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കോണ്ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളിൽ അതു മുങ്ങിപ്പോകുന്നതായി ആക്ഷേപം.
ദേശീയശ്രദ്ധപോലും ആകര്ഷിക്കേണ്ട ബ്രഹ്മപുര വിഷയം പാർട്ടിയിലെ തമ്മിലടിയിൽ ചാന്പലാകുന്നതിൽ കോൺഗ്രസിനുള്ളില്നിന്നുതന്നെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
ഇന്ധനവിലവര്ധനയുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നടത്തിയ സമരം ഉദ്ദേശിച്ചഫലം കണ്ടില്ലെന്ന വിലയിരുത്തലിനു പിറകെയാണു ബ്രഹ്മപുരം വിഷയത്തിലുള്ള പ്രതിഷേധവും പാളം തെറ്റുന്നത്.
ജനങ്ങള് വിഷപ്പുക ശ്വസിക്കുന്ന സമയത്ത് സര്ക്കാരിനെതിരേയുള്ള വികാരം ആളിക്കത്തിക്കുന്നതിനു പകരം നേതൃത്വത്തെ വെല്ലുവിളിച്ചും അസ്ഥാനത്ത് അച്ചടക്കവാൾ വീശിയും വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ അണികളും അസ്വസ്ഥരാണ്.
സര്ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരേ സമരം ശക്തിപ്പെടുത്തേണ്ട ഘട്ടത്തില് എംപിമാരായ എം.കെ. രാഘവനും കെ. മുരളീധരനും പാര്ട്ടി നേതൃത്വത്തിനെതിരേ തിരിഞ്ഞത് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കാരണമായെന്നാണു പ്രധാന വിമര്ശനം.
ഇവർക്കെതിരേ കെപിസിസി നേതൃത്വം വേഗത്തിലെടുത്ത നടപടികളും നടപടിക്കെതിരേ ഏഴ് എംപിമാർ രംഗത്തെത്തിയതും പാർട്ടിയിലെ സ്ഥിതി രൂക്ഷമാക്കി.
അണികളിലും ഇത് ആശയക്കുഴപ്പമുണ്ടാക്കി. വിഷയത്തില് ഹൈക്കമാന്ഡിനും കടുത്ത അതൃപ്തിയുണ്ട്.ലോക്സഭാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നവേളയില് രണ്ട് എംപിമാർക്കെതിരേ അച്ചടക്കത്തിന്റെ പേരില് കെപിസിസി പ്രസിഡന്റ് കെ.സുധകാരന് നോട്ടീസ് നല്കിയത് അനവസരത്തിലായെന്ന വിലയിരുത്തലാണ് കോൺഗ്രസിലെ വലിയവിഭാഗത്തിനുമുള്ളത്.
തനിക്ക് നോട്ടീസ് നല്കിയതില് കടുത്ത അതൃപ്തിയിലാണ് കെ. മുരളീധരന്, ഇനി മത്സരിക്കില്ലെന്ന കടുത്ത നിലപാടും അദ്ദേഹം പങ്കുവച്ചു.
എം.കെ. രാഘവനാകട്ടെ ദേശീയ നേതൃത്വവുമായുള്ള അടുപ്പംവച്ച് സംസ്ഥാനത്തെ പ്രശ്നങ്ങൾ ഹൈക്കമാന്ഡിനെ അറിയിക്കാനുള്ള തയാറെടുപ്പിലാണ്.