കൊച്ചി: കൊച്ചി കോർപറേഷനിൽ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനിടെ അക്രമം ഉണ്ടായ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
അണികൾക്കിടയിൽ കലാപത്തിന് ആഹ്വാനം നൽകിയെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ ഒരു കൗണ്‍സിലറുടെ പരാതിയിലാണ് കേസ്.
കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ സുധാകരൻ പ്രസംഗിച്ചുവെന്നും അതിനുശേഷമാണ് കോണ്‍ഗ്രസ് പ്രവർത്തകർ കോർപറേഷൻ സെക്രട്ടറിയേയും ജീവനക്കാരെയും മർദിക്കുന്ന സ്ഥിതി ഉണ്ടായതെന്നുമാണ് പരാതി.
അണികൾക്കിടയിൽ കലാപാഹ്വാനം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്ന കുറ്റമാണ് കെ. സുധാകരനെതിരേ ചുമത്തിയിരിക്കുന്നത്.
ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗണ്‍സിൽ കോണ്‍ഗ്രസ് കൗണ്സിലർമാര പോലീസ് മർദിച്ചതിൽ പ്രതിഷേധം 16-ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചിരുന്നു.
രാവിലെ അഞ്ചു മുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു ഉപരോധം. കെപിസിസി പ്രസിഡന്റ് സുധാകരനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്.
ഇവിടെ നടത്തിയ പ്രസംഗത്തിനിടെയാണ് ഇദേഹം കലാപ ആഹ്വാനം നടത്തിയതെന്നാണ് കേസ്. കേസിൽ തുടർ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.