തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്പേസ് സെന്ററിൽ അപരിചിതനായ വ്യക്തി കടന്ന് കയറിയെന്ന പരാതിയിൽ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.
ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ബ്രഹ്മോസിൽ ബാഗുമായി അപരിചിതനായ വ്യക്തി കടന്ന് കയറിയതെന്ന് സുരക്ഷാ ജീവനക്കാർ കണ്ടെത്തിയത്.
ബ്രഹ്മോസിൽ എത്തുന്നവരുടെ ബാഗ്, മൊബൈൽ ഫോണ് മുതലായവ സുരക്ഷാ ജീവനക്കാരുടെ കാബിനിൽ സൂക്ഷിക്കുകയാണ് പതിവ്.
എന്നാൽ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അപരിചിതൻ അകത്ത് കടന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായെന്നാണ് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കിയത്.
ഇയാളെ കണ്ടെ ത്താൻ ശ്രമം നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. നിലവിലെ സാഹചര്യത്തിൽ ബ്രഹ്മോസ് പോലെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നേരത്തെ നൽകിയിട്ടുള്ള നിർദേശം.
ബ്രഹ്മോസിന്റെ പരിസരത്തെയും റോഡിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് നടപടി സ്വീകരിച്ചു.