മുഖപേശികള്‍ പോലും ചലിപ്പിക്കാനാവാതെ വര്‍ഷങ്ങളായി ഒരേ കിടപ്പു കിടന്നു ദുരിതമനുഭവിക്കുന്നവരുടെ മനസറിയാന്‍ അത്യാധുനിക ഉപകരണവുമായി ശാസ്ത്രജ്ഞര്‍. ’ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ്’ എന്നാണ് ഈ സംവിധാനത്തിന്റെ പേര്.
ജനീവയിലെ ’വയിസ് സെന്റര്‍ ഫോര്‍ ബയോ ആന്‍ഡ് ന്യൂറോ എന്‍ജിനിയറിംഗിലെ’ ശാസ്ത്രജ്ഞരാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ മനസറിയാന്‍ ’മെഷീന്’ നിര്‍മിച്ചു ചരിത്രം സൃഷ്ടിച്ചത്. അംഗചലനങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ ശേഷിയില്ലാത്ത രോഗികള്‍ക്കു ഈ കണ്ടെത്തല്‍ ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.
വിവിധ ചോദ്യങ്ങള്‍ ചോദിക്കുന്പോള്‍ രോഗിയുടെ രക്തത്തിലെ ഓക്സിജന്‍ അളവിലുണ്ടാകുന്ന വ്യത്യാസങ്ങളും തലച്ചോറിലെ വൈദ്യത തരംഗങ്ങളിലെ ഏറ്റക്കുറച്ചിലുകളും വിശകലനം ചെയ്താണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം. പരാലിസിസ് ബാധിച്ച നിരവധി രോഗികളില്‍ ഉപകരണമുപയോഗിച്ചു നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നു പഠനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രഫ. നീല്‍സ് ബോര്മര് പറഞ്ഞു.
രോഗികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്നതിന് പുതിയ ഉപകരണം ഏറെ സഹായകരമാണെന്നും പ്രഫ. നീല്‍സ് പറഞ്ഞു. ശരീരചലനമില്ലാത്തവരെഉദ്ദേശിച്ചാണ് പുതിയ കണ്ടുപിടുത്തമെങ്കിലും ഉപകരണം കൂടുതല്‍ കാര്യക്ഷമമാക്കി ആരോഗ്യമുള്ളവരുടെയും മനസിലിരുപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.