ആൽസ് ഹൈമേഴ്സ് ബാധിതർക്കു സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടും. പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി തെറ്റിപ്പോകാം. എല്ലാത്തിലും വിരക്തി തോന്നുകയും സ്വയം ഉൾവലിഞ്ഞ് ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യും.
ദീർഘനേരം ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നതും കൂടുതൽ സമയം ഉറങ്ങാനായി ചെലവിടുന്നതും പതിവാണ്. പെട്ടെന്നുതന്നെ ദേഷ്യവും സങ്കടവുമൊക്കെ മാറിമാറി വരികയും ചെയ്യും. അകന്ന പരിചയത്തിലുള്ളവരുടെ പേരുകളൊക്കെ മറന്നു പോകുന്നു. സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു വർഷം വരെ നീണ്ടുനിൽക്കും.
ഓർമക്കുറവ് കൂടാതെയുള്ള മറ്റു പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:
* ഒരിക്കൽ എളുപ്പമായിരുന്ന ജോലികൾ
ഇപ്പോൾ ചെയ്തു പൂർത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ട്.
* പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ
ബുദ്ധിമുട്ട്.
* മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങൾ; സുഹൃത്തുക്കളിൽ നിന്നും
കുടുംബാംഗങ്ങളിൽ നിന്നും പിൻവലിഞ്ഞ് ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുക.
* ആശയവിനിമയത്തിലെ പ്രശ്നങ്ങൾ,
എഴുതുന്നതിലും സംസാരിക്കുന്ന
തിലുമൊക്കെ പ്രയാസങ്ങൾ
* സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം.
* കാണുന്ന കാര്യങ്ങൾ മനസിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്.
വീട്ടിലേക്കുള്ള വഴിതെറ്റി…
രോഗത്തിന്റെ രണ്ടാംഘട്ടത്തിൽ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബാംഗങ്ങളുടെ പേരു വരെ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതിനാൽ അവർ കഴിയുന്നത്ര സ്വന്തം ലോകത്തിൽ ഒതുങ്ങിക്കൂടുന്നു. ദൈനംദിന കാര്യങ്ങളിൽ വരെ പരസഹായം വേണ്ടി വരുന്നു.
കൂടെയുള്ളവരെ സംശയത്തോടെ വീക്ഷിക്കുന്നു.
അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കും എന്നുള്ള മിഥ്യാബോധം രോഗികളിൽ ഉണ്ടാകുന്നു. ഇത് രോഗികളെ പരിചരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ദിശാബോധം നഷ്ടമാവുകയും
ചെയ്യുന്നു. അവർക്ക് പുറത്തു തനിയെ യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും പലപ്പോഴും വീട്ടിലേക്കുള്ള വഴി തെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. സ്വന്തം വ്യക്തിശുചിത്വത്തിൽ ശ്രദ്ധ കുറയുകയും ചെയ്യുന്നു. ഈ രണ്ടാംഘട്ടം എട്ടു തൊട്ട് പത്തു വർഷം വരെ നീണ്ടു നിൽക്കുന്നു.
(തുടരും)
വിവരങ്ങൾ:
ഡോ.സുശാന്ത് എം.ജെ. കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം