മുരിക്കാശേരി: നാലുമാസം മാത്രം പ്രായമുള്ള ആ പെണ്കുഞ്ഞ് അവളുടെ അമ്മയെ കണ്ടിട്ട് ദിവസങ്ങളായി.
നൊന്തുപെറ്റ കുഞ്ഞിനെ ഒരുനോക്ക് കാണാന് പോലും പറ്റാത്തതിന്റെ വിഷമത്തിലാണ് അനുപ്രിയയെന്ന ആ ഇരുപത്താറുകാരിയും.
ആലുവ രാജഗിരി ആശുപത്രിയില് കാന്സര് ചികിത്സയില് കഴിയുന്ന മുരിക്കാശേരി പെരിയാര്വാലി പൊരുന്നോലില് വീട്ടില് അനുപ്രിയ ടെന്സിംഗും കുഞ്ഞുമാണ് ഏവരുടെയും ഹൃദയത്തില് വിങ്ങലായി മാറുന്നത്.
കര്ഷകരായ മാതാപിതാക്കള് അനുവിന്റെ ചികിത്സയ്ക്കായി തങ്ങളാല് കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞു.
കടംവാങ്ങിയും കിടപ്പാടം വിറ്റും 27 ലക്ഷംരൂപയിലധികം മുടക്കിയ ഇവര് ഇനിയുള്ള ചികിത്സ എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ വീര്പ്പുമുട്ടുകയാണ്.
ബന്ധുക്കളും നാട്ടുകാരുമെല്ലാം തങ്ങളാല് കഴിയുന്ന സഹായം ചെയ്യുന്നുണ്ടെങ്കിലും ചികിത്സയ്ക്ക് ഇനിയും വന്തുക ആവശ്യമാണ്.
ഗര്ഭിണിയായിരിക്കെ ഇടയ്ക്കുവന്ന ചുമയിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. ചുമ കുറയാതെ വന്നതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില് അഡ്മിറ്റ് ചെയ്തു.
അവിടെ നടത്തിയ പരിശോധനയിലാണ് കാന്സറാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് നേരെ ആലുവ രാജഗിരിയില് പ്രവേശിപ്പിച്ചു.
എത്രയും പെട്ടെന്ന് കീമോ തെറാപ്പി തുടങ്ങണമെന്ന് ഡോക്ടര്മാര് നിര്ദേശിച്ചെങ്കിലും എട്ടുമാസം ഗര്ഭിണിയായിരുന്നത് കാര്യങ്ങള് വഷളാക്കി.
ഒടുവില് കുട്ടിയെ പുറത്തെടുത്താണ് കീമോ തുടങ്ങിയത്. അഞ്ചോളം കീമോതെറാപ്പികള്ക്കുശേഷം വീട്ടില് വിശ്രമിക്കുമ്പോഴാണ് വിധി വീണ്ടും വില്ലനായെത്തുന്നത്.
ഇടയ്ക്കു ക്ഷീണംതോന്നി വീണ്ടും ചെക്കപ്പിന് ചെന്നപ്പോഴാണ് തലച്ചോറില് ട്യൂമര് വളരുന്നതായി പരിശോധനയില് തെളിഞ്ഞത്.
ട്യൂമര് നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങള് ചിലവ് വരും. ഇനി എങ്ങനെ തുടര്ചികിത്സയ്ക്കുള്ള തുക കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് കുടുംബം.
അനുപ്രിയയുടെ ചികിത്സാചെലവ് കണ്ടെത്തുന്നതിനായി ചികിത്സാസഹായനിധി രൂപീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് മുരിക്കാശേരിയിലെ നാട്ടുകാര്.
അനുപ്രിയയുടെ ബാങ്ക് അക്കൗണ്ട് നമ്പര്: 423102010027043. IFSC CODE – UBIN0542318. ഗൂഗിള് പേ നമ്പര് 7559920610.