തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചോ. അപ്പോളോ ആശുപത്രിയിലെ നഴ്സിന്റെ ശബ്ദരേഖയെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിലെ നിഗൂഡത നീക്കാതെ തമിഴ്നാട് സര്‍ക്കാരും അണ്ണാഡിഎംകെ പാര്‍ട്ടി നേതൃത്വവും. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് യുട്യൂബില്‍ നഴ്സിന്റേതെന്ന പേരില്‍ ഓഡിയോ അപ്ലോഡ് ചെയ്തത്.
നഴ്സിന്റെതെന്ന പേരിലുള്ള ഓഡിയോയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- ജയലളിതയ്ക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചിരിക്കുകയാണ്. പുറത്തറിഞ്ഞാല്‍ സാധാരണക്കാര്‍ എങ്ങിനെ പ്രതികരിക്കും എന്നു വ്യക്തമല്ല. ജനങ്ങളുടെ സുരക്ഷയ്ക്കും, അനുയായികളുടെ ജീവന് നഷ്ടപെടാതിരിക്കാനുമാണ് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത്. എല്ലാം പുറത്തുവിട്ടാല്‍ ചിലപ്പോള്‍ കലാപം തന്നെ ഉണ്ടായേക്കാമെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് എവിടെനിന്നാണ്, ആരാണ് അപ്ലോഡ് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ട് ഭാഗങ്ങളായുള്ള ശബ്ദ രേഖ ഒരു ദിവസം മുമ്പാണ് യുടുബില്‍ ലോഡ് ചെയ്തിരിക്കുന്നത്.
അതേസമയം, ലണ്ടനില്‍ നിന്നെത്തിയ ഡോ. ജോണ്‍ റിച്ചാര്‍ഡ് ബെയ്ലിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പന്ത്രണ്ടംഗ സംഘം മുഴുവന്‍ സമയവും ആശുപത്രിയിലുണ്ട്. ആശുപത്രിയുടെ രണ്ടാംനില പൂര്‍ണമായും പോലീസ് കാവലിലാണ്. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിത ശ്വസിക്കുന്നത്. രോഗപ്രതിരോധശേഷി തകര്‍ക്കുന്ന സെപ്സീസ് എന്ന രോഗമാണു ജയലളിതയെ ബാധിച്ചിരിക്കുന്നത്. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.