യുഎസിലെ ജോര്‍ജിയയില്‍ അപൂര്‍വമായ മസ്തിഷ്ക അണുബാധയെ തുടർന്ന് ഒരു മരണം. ജോര്ജയിയയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് പറയുന്നത് അനുസരിച്ച് തടാകത്തിലോ കുളത്തിലോ നീന്തുമ്പോള്‍ രോഗം ബാധിച്ചേക്കാമെന്ന് കരുതപ്പെടുന്നു.
മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും മസ്തിഷ്ക വീക്കത്തിനും മരണത്തിനും കാരണമാകുന്ന അപൂര്‍വ അണുബാധയായ നെഗ്ലേരിയ ഫൗലേരി അണുബാധ മൂലം ജോര്‍ജിയയില്‍ ഇതിനു മുന്‍പും മരണം സംഭവിച്ചിട്ടുണ്ട്. ജോര്‍ജിയയിലെ ഏതെങ്കിലും ശുദ്ധജല തടാകത്തിലോ കുളത്തിലോ നീന്തുന്നതിനിടെയാവാം മരിച്ച വ്യക്തിയ്ക്ക് രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.
അതേസമയം രോഗിയെ സംബന്ധിച്ചുള്ള പേര്, വയസ്, ലിംഗം എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഇതിന് മുന്‍പ് 1962 മുതല്‍ ജോര്‍ജിയയില്‍ മറ്റ് അഞ്ച് കേസുകളും നെഗ്ലേരിയ ഫൗലേരി മൂലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളിലെ ആരോഗ്യ ഏജന്‍സിയായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ തടാകങ്ങള്‍, നദികള്‍, ചൂടുനീരുറവകള്‍ തുടങ്ങി മണ്ണിലും ശുദ്ധ ജലത്തിലും വസിക്കുന്ന അമീബയാണ് നെഗ്ലേരിയ ഫൗലേരി.
സാധാരണയായി നീന്തുന്ന സന്ദര്‍ഭങ്ങളില്‍ മൂക്കിലൂടെ അമീബ അടങ്ങിയ വെള്ളം കയറുമ്പോള്‍ മസ്തിഷ്ക അണുബാധയ്ക്ക് കാരണമാകുന്നതിനാല്‍ ഇതിനെ മസ്തിഷ്കം തിന്നുന്ന അമീബ എന്നുവിളിക്കുന്നു. ഇതൊരു അപൂര്‍വ രോഗമാണ് എന്നത് പോലെ മാരകവുമാണ്.
നെഗ്ലേരിയ ഫൗലേരി അടങ്ങിയ വെള്ളം മൂക്കില്‍ പ്രവേശിക്കുന്നത് വഴി അമീബ ഘ്രാണ നാഡിയിലൂടെ തലച്ചോറിലേക്ക് കയറുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. കടുത്ത തലവേദന, പനി, ഛര്‍ദ്ദി, അപസ്മാരം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അമീബ പ്രവേശിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും.