കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ അഗ്നിബാധ സംശയാസ്പദമാണെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നാല് ഭാഗത്തു നിന്നും ഇപ്പോൾ തീ പടർന്നിട്ടുണ്ട് എന്നത് സംഭവം ആസൂത്രിതമാണോ എന്ന സംശയത്തിന് ബലമേകുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇത് കണ്ടെത്താൻ അടിയന്തര അന്വേഷണം വേണമെന്നും മേയർ ആവശ്യപ്പെട്ടു.
മുൻപ് ഇതേ രീതിയിൽ തീപിടിത്തമുണ്ടായപ്പോൾ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് മേയർ ആരോപിച്ചു. ഇത്തവണ സംഭവം അന്വേഷിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎൽഎയും രംഗത്തെത്തി. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലുണ്ടായ തീപിടിത്തവും ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തവുമെല്ലാം ദുരൂഹതയുളവാക്കുന്നതാണെന്നും സംസ്ഥാനത്തെ മറ്റ് സംഭവങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം ഇതിലുണ്ടോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.