കൊച്ചി: നാലു ദിനരാത്രങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ മേഖല സാധാരണനിലയിലേക്ക്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും വിവിധ സർക്കാർ വകുപ്പുകളും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി ഇന്നലെ രാവിലെയോടെ ബ്രഹ്മപുരത്തെ തീയും പുകയും നിശേഷം കെട്ടടങ്ങി. ഇതോടെ നഗരത്തിലും പരിസരത്തും വ്യാപിച്ച പുകയും ശമിച്ചു.
ഇന്നലെ രാവിലെ പ്ലാന്റിന്റെ സമീപപ്രദേശങ്ങളായ രാജഗിരി വാലി, ചിറ്റേത്തുകര, മാപ്രാണം, നിലംപതിഞ്ഞമുഗൾ എന്നിവിടങ്ങളിൽ പുക വ്യാപിച്ചിരുന്നു. അപകടാവസ്ഥ പൂർണമായും ഇല്ലാതായെങ്കിലും അഗ്നിരക്ഷാസേനയും പോലീസും ഇപ്പോഴും ബ്രഹ്മപുരത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
കൊച്ചി കോർപറേഷൻ ജീവനക്കാർ, പോലീസ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹന വകുപ്പുകൾ എന്നിവയും ബ്രഹ്മപുരത്തെ സാധാരണനിലയിലെത്തിക്കാൻ പ്രയത്നിച്ചു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള നേരിട്ടാണ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസും ബ്രഹ്മപുരത്തെത്തിയിരുന്നു. റീജണൽ ഫയർ ഓഫീസർ പി. ദിലീപന്റെ നേതൃത്വത്തിൽ 24 ഫയർ യൂണിറ്റുകളാണ് ബ്രഹ്മപുരത്തുണ്ടായിരുന്നത്. ഉന്നതമർദത്തിൽ വെള്ളം പന്പു ചെയ്യാൻ ശേഷിയുള്ള 10 മോട്ടോറുകളും ഇടതടവില്ലാതെ പ്രവർത്തിച്ചു.
രാത്രിയിലും പ്രവർത്തനം തടസമില്ലാതെ തുടരുന്നതിന് അഞ്ച് അസ്ക ലൈറ്റുകളും വിവിധ പോയിന്റുകളിലായി വിന്യസിച്ചിരുന്നു. മാലിന്യക്കൂന ഇളക്കിമറിച്ച് കനലുകൾ നിശേഷം കെടുത്തുന്നതിനായി 14 ഹിറ്റാച്ചി യന്ത്രങ്ങളും ബ്രഹ്മപുരത്തെത്തിച്ചിരുന്നു. സ്റ്റേഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരുടെയും നേതൃത്വത്തിൽ 70 ജീവനക്കാരാണ് പ്രതിദിനം തീയും പുകയുമായി പടപൊരുതിയത്.
അഗ്നിശമനസേനയ്ക്ക് പോലീസും മോട്ടോർ വാഹന വകുപ്പും പിന്തുണ നൽകി. ആംബുലൻസ് വിന്യാസവും കോൾ സെന്ററുമായി ആരോഗ്യവകുപ്പും പ്രവർത്തനനിരതമായിരുന്നു. ബ്രഹ്മപുരത്ത് തീ പടരാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഇത്തരമൊരു സാഹചര്യം ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ബ്രഹ്മപുരത്ത് എല്ലാം സാധാരണനിലയിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു. അതേസമയം, പ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇൻഫോപാർക്ക് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. തീപിടിത്തമുണ്ടായതിന് ഇൻഫോപാർക്ക് പോലീസ് കേസെടുത്തിരുന്നു.
നാടാകെ മാലിന്യം; മൂക്കുപൊത്തി ജനം
കാക്കനാട്: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിനുണ്ടായ തീപിടിത്തം മൂലം കൊച്ചി കോർപറേഷനിലെയും സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യനീക്കം പൂർണമായി നിലച്ചു. കോർപറേഷൻ പരിധിയിലെ വീടുകളിൽനിന്ന് ഉൾപ്പെടെ ജൈവമാലിന്യം അടക്കം ശുചീകരണ തൊഴിലാളികൾ ഇപ്പോൾ എടുക്കുന്നില്ല. പൊതുനിരത്തുകളിലും വീടുകളിലും മാലിന്യങ്ങൾ കെട്ടിക്കിടന്നു ദുർഗന്ധം വമിക്കുകയാണ്.
ബ്രഹ്മപുരത്തേക്കു മാലിന്യങ്ങളുമായി എത്തിയ ലോറികൾ പരിസരവാസികൾ തടഞ്ഞു തിരിച്ചയച്ചതോടെയാണു മാലിന്യനീക്കം സ്തംഭിച്ചത്. ആവർത്തിച്ചുണ്ടാകുന്ന തീപിടിത്തത്തെക്കുറിച്ച് അനേഷിച്ച്, ഇനി തീപിടിത്തം ഉണ്ടാകുകയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ മാലിന്യലോറികൾ പ്ലാന്റിലേക്കു കടത്തിവിടുകയുള്ളൂവെന്നു പ്രതിഷേധക്കാർ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ തീയുടെ ആഘാതം കുറഞ്ഞെങ്കിലും പുക ഇന്നലെയും ശക്തിയായി ഉണ്ടായിരുന്നു. പുക ഉയരുന്നിടങ്ങളിലെ മാലിന്യങ്ങൾ ഇളക്കിമറിച്ചു വെള്ളം അടിച്ചും മണ്ണിട്ടും പുക ഒഴിവാക്കുന്ന ജോലികൾ തുടരുകയാണ്. ഇതിനുശേഷം കോർപറേഷൻ കൗൺസിൽ കൂടി തീരുമാനമെടുത്തശേഷമേ ഇനി സംസ്കരണ പ്ലാന്റിൽ മാലിന്യം സ്വീകരിക്കുകയുള്ളൂവെന്നു കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
അതേസമയം കൊച്ചി നഗരത്തിൽ കുമിഞ്ഞുകൂടാൻ സാധ്യതയുള്ള ജൈവ മാലിന്യങ്ങൾ കുറഞ്ഞ അളവിൽ പ്ലാന്റിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാകുമെന്നു സൂചനയുണ്ട്. എന്നാൽ മറ്റു തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഒട്ടുംതന്നെ മാലിന്യങ്ങൾ സ്വീകരിക്കുന്നതല്ല. അങ്കമാലി നഗരസഭയിൽനിന്നടക്കം ബ്രഹ്മപുരത്തേക്കു മാലിന്യലോഡുകൾ ദിവസവും എത്തിയിരുന്നു.തദേശസ്ഥാപനങ്ങൾ വീടുകളിൽനിന്നും മറ്റും മാലിന്യങ്ങൾ ശേഖരിക്കുന്നത് ഇന്നലെ മുതൽ നിർത്തി.
തൃക്കാക്കര നഗരസഭ പ്രദേശത്തെ വീടുകളിൽനിന്നു ശേഖരിച്ച മാലിന്യങ്ങൾ ലോറികളിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു കൂടി അവ ലോറികളിൽ തന്നെയിരുന്നാൽ പ്രദേശമാകെ ദുർഗന്ധപൂരിതമാകും. ജില്ലയിൽ പലയിടത്തും ഈ അവസ്ഥയാണ്. വീടുകളിൽനിന്നു മാലിന്യം ശേഖരിക്കുന്നതു നിർത്തിയതോടെ വീടുകളിലെയും ഫ്ളാറ്റുകളിലെയും അവസ്ഥ പരിതാപകരമാണ്.
ബ്രഹ്മപുരത്തുനിന്ന് ഉയരുന്ന പുകയും ദുർഗന്ധവും പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ജനങ്ങളുടെ പ്രതിഷേധം കാരണം പ്ലാന്റിലെ മാലിന്യം ഇളക്കുന്നതിനുപയോഗിച്ച മെഷിനറികളും ഫയർ യൂണിറ്റുകളും ഇന്നലെ രാത്രിയോടെ ഒഴിവാക്കിയതായി പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ചാർജുള്ള ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.